വാഷിങ്ടണ്‍-അമേരിക്കയില്‍ നവംബര്‍ 3ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സാധിക്കുമെങ്കില്‍ രണ്ടു തവണ വോട്ടു ചെയ്യാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടതായി ആരോപണം. ഒന്നിലധികം തവണ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നത് അമേരിക്കയില്‍ കുറ്റകരമാണ്. ട്രംപിന്റെ നടപടിക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. നിയമലംഘനത്തിനാണ് ട്രംപ് പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും, രേഖപ്പെടുത്തിയില്ലെങ്കില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡന്റ് നിര്‍ദേശിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ തുടര്‍ച്ചയായ ട്വീറ്റുകളില്‍ ട്രംപ് വീണ്ടും തന്റെ പിന്തുണക്കാരോട് പോസ്റ്റല്‍ വോട്ട് വഴി നേരത്തെ വോട്ടുചെയ്യാനും തുടര്‍ന്ന് വ്യക്തിപരമായി വോട്ടുചെയ്യാനും ആവശ്യപ്പെട്ടു.