Sorry, you need to enable JavaScript to visit this website.

നിയമവിരുദ്ധമായി ലിംഗ നിര്‍ണയം ; ഡോക്ടര്‍മാരുടെ അറസ്റ്റ് ബിജെപി തടഞ്ഞു

അലിഗഢ്- ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ഡോക്ടര്‍ ദമ്പതികള്‍ നടത്തുന്ന ക്ലിനിക്കില്‍ നിയമവിരുദ്ധമായി ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം നടത്തുന്നത് കയ്യോടെ പിടികൂടിയിട്ടും കുറ്റക്കാരായ ഡോക്ടര്‍മാരുടെ അറസ്റ്റ് ചെയ്യുന്നത് രണ്ട് ബിജെപി എം എല്‍ എമാര്‍ ഇടപെട്ട് തടഞ്ഞു.
പോലീസ് മേധാവിയും ജില്ലാ മജിസ്ട്രേറ്റും ഇടപെട്ട് നിയമപാലനത്തിന് തടസ്സം നില്‍ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ബിജെപി നേതാക്കളും എംഎല്‍എമാരുമായ സഞ്ജീവ് രാജ, അനില്‍ പരശര്‍ എന്നിവര്‍ വഴങ്ങിയില്ല.
ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം തടയുന്നതിനുള്ള രാജസ്ഥാന്‍ പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് ക്ലിനിക്കിലെ നിയമ വിരുദ്ധ ലിംഗനിര്‍ണയം കയ്യോടെ പിടികൂടിയത്. രാജസ്ഥാന്‍ പോലീസ് സംഘം ഗര്‍ഭിണിയായ ഒരു യുവതിയെ രഹസ്യമായി തിങ്കളാഴ്ച വൈകുന്നേരം ഇവിടെ പരിശോധനക്കായി എത്തിക്കുകയായിരുന്നു.
ലിംഗനിര്‍ണയം നടത്തി വിവരം നല്‍കിയതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. പേലീസെത്തി ഡോക്ടര്‍ ജയന്ത് ശര്‍മയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇവര്‍ ക്ലിനിക്കില്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീനും പോലീസ് പിടിച്ചെടുത്തു.
അല്‍പ സമയത്തിനകം എംഎല്‍എമാരും സ്റ്റേഷനിലെത്തി. പ്രതികളായ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനോ ഇവരുടെ സ്‌കാനിങ് മെഷീന്‍ പിടിച്ചെടുക്കാനോ ഇവര്‍ അനുവദിച്ചില്ല. സിറ്റി പോലീസ് സുപ്രണ്ടും മജിസ്ട്രേറ്റും സ്റ്റേഷനിലെത്തി അഭ്യര്‍ത്ഥിച്ചിട്ടും ബിജെപി നേതാക്കള്‍ കുറ്റക്കാരായ ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതിന് ശക്തമായി നിലകൊള്ളുകയായിരുന്നു. പുലര്‍ച്ചെ രണ്ടു വരെ ഇവര്‍ സ്റ്റേഷനില്‍ തങ്ങുകയും ചെയ്തു. സ്‌കാനിങ് മെഷീന്‍ പിടിച്ചെടുക്കാനുള്ള രാജസ്ഥാന്‍ പോലീസിന്റെ ശ്രമവും ഇരു എംഎല്‍എമാരും ചേര്‍ന്ന് തടഞ്ഞു. ഒടുവില്‍ കുറ്റംചെയ്ത ഡോക്ടര്‍ ദമ്പതിമാരെ കേസെടുക്കാതെ വിട്ടയച്ചതോടെയാണ് എംഎല്‍എമാര്‍ ക്വാര്‍സി പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത്.
നിയമ നപടികള്‍ സ്വീകരിക്കുന്നതിന് തടസ്സം നില്‍ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ജനപ്രതിനിധികള്‍ വഴങ്ങിയില്ലെന്ന് അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് റിഷികേശ് ഭാസ്‌കര്‍ യശോദ് പറഞ്ഞു. നിയമപരമായ കാര്യങ്ങളില്‍ പ്രാദേശിക ജനപ്രതിനിധികള്‍ ഇടപെട്ട കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
 

Latest News