കൊളംബോ- കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരുന്നതിനിടെ വന്‍ അഗ്നിബാധയുണ്ടായ എണ്ണക്കപ്പലിലെ തീണ അണക്കാനുള്ള ശ്രമം രണ്ടാം ദിവസവും തുടരുന്നു. ശ്രീലങ്കയുടേയും ഇന്ത്യയുടേയും നാവിക സേനകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 23 ജീവനക്കാരില്‍ 22 പേരേയും രക്ഷപ്പെടുത്തി. ഫിലിപ്പൈന്‍ പൗരനായ ഒരു ജീവനക്കാരന്‍ മരിച്ചതായും ലങ്കന്‍ നേവി അറിയിച്ചു. എംടി ന്യൂഡയമണ്ട് എന്ന കപ്പലിലെ എഞ്ചിന്‍ മുറിയിലുണ്ടായ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചാണ് ജീവനക്കാരന്‍ മരിച്ചത്. ശ്രീലങ്കന്‍ തീരത്തിനടുത്താണ് കപ്പലിന് ഇന്നലെ തീപ്പിടിച്ചത്. 2.7 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലാണ് ടാങ്കറിലുള്ളത്. എന്നാല്‍ കപ്പലിലെ തീ ടാങ്കറിലനെ ബാധിച്ചിട്ടില്ലെന്നാണ് വിവരം. കാര്‍ഗോയിലേക്ക് തീപടരുന്നത് തടയാനുള്ള നടപടികളാണ് നടന്നു വരുന്നത്. ടാങ്കരില്‍ നിന്ന് കടലിലേക്ക് എണ്ണച്ചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും ശ്രീലങ്കന്‍ നേവി സ്വീകരിക്കുന്നുണ്ട്.
ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സഹ്യാദ്രിയും വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനായി എത്തുമെന്നും അധികൃതര്‍ അറിയിച്ചു.
എണ്ണക്കപ്പലില്‍ അഗ്നിബാധ കണ്ട ഉടന്‍ സഹായം തേടി ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ നാവിക സേനയെ ബന്ധപ്പെട്ടിരുന്നു. ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളായ ശൗര്യ, സാരംഗ്, സമുദ്ര പഹേരെദാര്‍ എന്നിവയും ഒരു ഡ്രോണിയര്‍ വിമാനവും രക്ഷാ പ്രവര്‍ത്തനത്തിനായി അയച്ചിരുന്നു. സംഭവ സമയം അതു വഴി കടന്നു പോകുകയായിരുന്ന എംവി ഹെലന്‍ എന്ന കപ്പലാണ് അഗ്നിബാധയുണ്ടായ എണ്ണക്കപ്പലിലെ ജീവനക്കാരായ മൂന്ന് ഗ്രീക്കുകാരേയും 16 ഫിലിപ്പൈന്‍സുകാരേയും രക്ഷപ്പെടുത്തിയത്.