ഇസ്താംബൂള്‍- തുര്‍ക്കി ജയിലില്‍ നിരാഹാര സമരം തുടരുന്ന അഭിഭാഷകനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ന്യായമായ വിചാരണ ആവശ്യപ്പെട്ട് 238 ദിവസം ജയിലില്‍ നിരാഹാര സമരം നടത്തിയ അഭിഭാഷക മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ജയിലില്‍നിന്ന് ജൂലൈയില്‍ ഇസ്താംബുള്‍ ആശുപത്രിയിലേക്ക് മാറ്റിയ അയ്ടക് അന്‍സാല്‍ സമരം തുടരുന്നത് ജീവന് അപകടകരമാണെന്ന് കോടതിയുടെ അപ്പലേറ്റ് ഡിവിഷന്‍ ഉത്തരവില്‍ പറഞ്ഞു.
32 കാരനായ ഇദ്ദേഹം 200 ദിവസത്തിലേറെയായി നിരാഹാര സമരം തുടരുകയാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും തുര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരതയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ 2019 ല്‍ പത്തര വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. അന്‍സലും കഴിഞ്ഞയാഴ്ച മരിച്ച സഹ അഭിഭാഷക എബ്രു ടിംതിക്കും ഒരേ അഭിഭാഷക സംഘടനയില്‍ അംഗങ്ങളായിരുന്നു.
നിരോധിത മാര്‍ക്‌സിസ്റ്റ് സഘടനയായ റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിഫ്രണ്ടുമായി (ഡിഎച്ച്‌കെപിസി) അടുത്ത ബന്ധമുള്ള അഭിഭാഷക സംഘടനയാണിത്.
അങ്കാറയിലെ യു.എസ് എംബസിയില്‍ 2013 ല്‍ നടന്ന ചാവേര്‍ ബോംബാക്രമണം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഡിഎച്ച്‌കെപിസി ഏറ്റെടുത്തിട്ടുണ്ട്. എംബസിയില്‍ നടന്ന ആക്രമണത്തില്‍ തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
ഭീകരസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി 2019 ല്‍ ഇസ്താംബുള്‍ കോടതിയാണ് ടിംതിക്, അന്‍സാല്‍ എന്നിവരുള്‍പ്പെടെ 18 അഭിഭാഷകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നത്.
അപ്പീലുകള്‍ കോടതി അവഗണിച്ചതിനെത്തുടര്‍ന്നാണ് ശിക്ഷാവിധിക്ക് ശേഷം നിരവധി അഭിഭാഷകര്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടത്. രണ്ട് അഭിഭാഷകരും മരണം വരെ നിരാഹാരം നടത്തുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ുച.വെള്ളവും വിറ്റാമിനുകളും മാത്രമാണ് കഴിച്ചിരുന്നത്.
ഇവരുടെ ജീവന്‍ അപകടത്തിലാണെന്ന് ജൂലൈയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തടങ്കല്‍ തുടര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച മരിക്കുമ്പോള്‍ ടിംതികിനു 30 കിലോ മാത്രമായിരുന്നു തൂക്കമെന്ന് അവരുടെ സുഹൃത്തുക്കള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞിരുന്നു.
യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ പുതിയ പ്രസിഡന്റ് റോബര്‍ട്ട് സ്പാനോയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അങ്കാറയില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
നിയമവാഴ്ചയുടെയും പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉര്‍ദുഗാനോട് റോബര്‍ട്ട് സ്പാനോ ഊന്നിപ്പറഞ്ഞിരുന്നുവെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യൂറോപ്യന്‍ മനുഷ്യാവകാശ കോടതി പ്രസ്താവനയില്‍ പറഞ്ഞു.