- ലോക്ഡൗൺ പിൻവലിച്ചതോടെ സാമ്പത്തിക മേഖലയിൽ ഉണർവ്
റിയാദ് - കൊറോണ മഹാമാരി ആഗോള സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതിന്റെ ഫലങ്ങൾ സൗദിയിലും. ഈ വർഷം രണ്ടാം പാദത്തിൽ വിദേശ നിക്ഷേപത്തിൽ 47 ശതമാനം കുറവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ വിദേശ നിക്ഷേപം 20 ശതമാനം വർധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഈ വർഷം ആദ്യ പകുതിയിൽ 506 നിക്ഷേപ ലൈസൻസുകൾ അനുവദിച്ചതായും നിക്ഷേപ മന്ത്രാലയം അറിയിച്ചു.
രണ്ടാം പാദത്തിൽ ജൂൺ മാസത്തിലാണ് നിക്ഷേപ ലൈസൻസുകളിൽ പകുതിയും അനുവദിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ നിക്ഷേപ ലൈസൻസുകൾ കുറഞ്ഞു. 2019 ജൂണിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ നിക്ഷേപ ലൈസൻസുകളുടെ എണ്ണം 23 ശതമാനം തോതിൽ വർധിച്ചു. സൗദി അറേബ്യ ലോക്ഡൗൺ പിൻവലിച്ചതോടെ രണ്ടാം പാദാവസാനത്തിൽ സാമ്പത്തിക മേഖലയിൽ ഉണർവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ജൂണിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ഇടപാടുകൾ 78.5 ശതമാനം തോതിൽ വർധിച്ചതായി കേന്ദ്ര ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ 990 കോടി ഡോളറിന്റെ ഇടപാടുകളാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇപ്രകാരമുള്ള വിൽപന ഗണ്യമായി കുറഞ്ഞിരുന്നു. ജൂണിൽ വ്യവസായ മേഖലയിൽ 58.1 കോടി ഡോളറിന്റെ പുതിയ നിക്ഷേപങ്ങൾ എത്തിയതായി വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകളും വ്യക്തമാക്കുന്നു.
ഈ വർഷം ആദ്യ പകുതിയിൽ സൗദി സമ്പദ്വ്യവസ്ഥ പ്രകടിപ്പിച്ച വഴക്കം സൗദിയിലെ നിക്ഷേപ സാഹചര്യത്തിന്റെ ശക്തിയും സുരക്ഷിതത്വവുമാണ് വ്യക്തമാക്കുന്നതെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഈ വർഷം അഭൂതപൂർവമായ വെല്ലുവിളികൾക്ക് സാക്ഷ്യം വഹിച്ചു. കൊറോണ മഹാമാരി വരും കാലത്ത് ആഗോള സമ്പദ്വ്യവസ്ഥയുടെ ഗതി നിർണയിക്കും. കൊറോണ വ്യാപനത്തിനിടെ സൗദി അറേബ്യ സ്വീകരിച്ച ദ്രുതവും നിർണായകവുമായ പ്രതികരണം പ്രശംസനീയമാണ്. ഇത് നിക്ഷേപകരെ സഹായിക്കുകയും പ്രയാസകരമായ സമയങ്ങളിൽ ബിസിനസ് തുടർച്ചയെ പിന്തുണക്കുന്നതിന് സംഭാവന നൽകുകയും ചെയ്തു. ജൂണിലെ പോസിറ്റീവ് സാമ്പത്തിക ഡാറ്റയും വിദേശ നിക്ഷേപ മേഖലയിലെ ഉണർവും കൊറോണ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാനുള്ള സൗദി സമ്പദ്വ്യവസ്ഥയുടെ കഴിവിൽ ആത്മവിശ്വാസം നൽകുന്നതായും മന്ത്രി പറഞ്ഞു.