ചെന്നൈ-തമിഴക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതയ്ക്കാന്‍ ശശികലയും വരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഫെബ്രുവരിയില്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പ്രതികാര ദാഹിയായി എത്തുന്ന ശശികലയെ എങ്ങനെ നേരിടുമെന്നതാണ് അണ്ണാ ഡി.എം.കെ നേതാക്കള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്‌ക്കൊപ്പമാണ് ശശികലയും ശിക്ഷിക്കപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിലും ശശികലയ്ക്കും മന്നാര്‍ കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണവും സജീവമായിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ശശികലയുടെ മന്നാര്‍ഗുഡി കുടുംബം ചെയ്തിരുന്നത്.
ശശികല ജയലളിതക്ക് പിന്‍ഗാമിയായി അവതരിപ്പിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഇപ്പോള്‍ ശത്രുപക്ഷത്താണ്. ഒ. പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കി അണ്ണാ ഡി.എം.കെയെ പൂര്‍ണ്ണമായും ഇരുവരും ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ശശികലയുടെ വരവോടെ അണ്ണാ ഡി.എം.കെയില്‍ എന്ത് മാറ്റങ്ങള്‍ സംഭവിക്കുമെന്നാണിപ്പോള്‍ തമിഴകം ഉറ്റുനോക്കുന്നത്. ശശികലയുടെ അടുത്ത ബന്ധു ടി.ടി.വി ദിനകരന്റെ നീക്കവും ഇനി ഏറെ നിര്‍ണ്ണായകമായിരിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് ദിനകരന്‍ വിജയിച്ചിരുന്നത്. ജയിലില്‍ പോയി ശശികലയെ കണ്ട ശേഷമാണ് ദിനകരന്‍ മത്സര രംഗത്തേക്ക് ഇറങ്ങിയിരുന്നത്. ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍' ശശികലയും ചേരുമോ അതോ അണ്ണാ ഡി.എം.കെയെ ഇരുവരും ചേര്‍ന്ന് പിളര്‍ത്തുമോ എന്നതും വലിയ ചോദ്യമാണ്. കാര്യമെന്തായാലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ശശികല നിര്‍ണ്ണായക ഘടകമായി മാറാനാണ് സാധ്യത.