Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ പിഡിപി യോഗം അധികൃതര്‍ കലക്കി; നോതാക്കളെ വീട്ടില്‍ തടഞ്ഞിട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റി സംസ്ഥാനത്തെ വിഭജിച്ചതിനു ശേഷം ആദ്യമായി ഔദ്യോഗിക യോഗം ചേരാനുള്ള മുന്‍ഭരണകക്ഷിയായ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ശ്രമം  ഭരണകൂടം ഇടപെട്ട് പരാജയപ്പെടുത്തി. ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ യോഗം തുടങ്ങാനായി നിശ്ചയിക്കപ്പെട്ട സമയത്തിനു മണിക്കൂറുകള്‍ക്കു മുമ്പാണ് പോലീസ് ഉന്നത നേതാക്കളെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയില്ലെന്ന് അറിയിച്ചത്. യോഗം ചേരാനും നേതാക്കളെ വീടുവിട്ടിറങ്ങാനും  അനുവദിക്കാത്തതിനെ തുടര്‍ന്ന് യോഗം റദ്ദാക്കിയെന്ന് പിഡിപി ജനറല്‍ സെക്രട്ടറി ഗുലാം നബി ലോണിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

വീടുവിട്ടിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് തടയുന്ന വിഡിയോ ദൃശ്യങ്ങള്‍ നിരവധി നേതാക്കള്‍ പുറത്തു വിട്ടു. പാര്‍ട്ടി കാര്യാലയത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍, കശ്മീര്‍ പോലീസ് ഐജി, ഐജിപി സെക്യൂരിറ്റി, ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍, എസ്എസ്പി എന്നിവരെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും തങ്ങള്‍ക്കു മറുപടി ലഭിച്ചില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. 

ഉന്നത നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാനിരുന്നത്. വലിയ ആള്‍കൂട്ടമാകുമായിരുന്നില്ല. കോവിഡ് പ്രതിരോധ മുന്‍കരുതലുകളും ഉറപ്പാക്കിയതായും പിഡിപി അധികൃതരെ അറിയിച്ചിരുന്നു. പല പിഡിപി നേതാക്കളും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്. തങ്ങളെ മാത്രമാണ് യോഗം ചേരാന്‍ അനുവദിക്കാത്തതെന്നും തങ്ങളുടെ നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ മാത്രമാണ് ഇപ്പോഴും ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നതെന്നും പിഡിപി നേതാക്കള്‍ ആരോപിച്ചു. അതേസമയം ബിജെപിയുടേയും കേന്ദ്രത്തിന്റെ പിന്തുണയുള്ള ജമ്മു കശ്മീര്‍ അപ്‌നി പാര്‍ട്ടിക്കും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളില്ല. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ യോഗങ്ങളും അധികൃതര്‍ അനുവദിച്ചിരുന്നു.
 

Latest News