ന്യൂദല്‍ഹി- വിരമിക്കുന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ യാത്രയയ്പ്പു ചടങ്ങളില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസിനു പരാതി നല്‍കി. ഓണ്‍ലൈന്‍ ചടങ്ങില്‍ തന്നെ 'മ്യൂട്ട്' ആക്കിവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ അദ്ദേഹത്തിനു വേണ്ടി ഹാജരായിരുന്ന ദവെ ജസ്റ്റിസ് മിശ്രയുടെ വിമര്‍ശകനാണ്. ക്ഷണിക്കുകയും അതു സ്വീകരിക്കുകയും ചെയ്തതാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ സംസാരിക്കുന്നതില്‍ നിന്നും തന്നെ തടയുന്നത നിലപാടാണ് യോഗത്തിലൂടനീളം സ്വീകരിച്ചതെന്നും ദവെ ആരോപിച്ചു.
അതൃപ്തികരമായ വല്ലതും പറയുമെന്ന് ഭയന്നാകാം തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് ദവെ പറഞ്ഞു. എന്നാല്‍ തന്റെ യാത്രയയപ്പു സന്ദേശത്തില്‍ അദ്ദേഹത്തിനു സന്തോഷവും ദൈവാനുഗ്രഹവും ആശംസിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ദവെയുടെ പ്രസ്താവനയിലുണ്ട്. ജസ്റ്റിസ് മിശ്രയുടെ സുപ്രീം കോടതിയിലെ അവസാന ദിവസമായിരുന്നു ഇന്ന്.