ന്യൂദല്‍ഹി- ഇന്ത്യയില്‍ വിദ്വേഷ പ്രചരണത്തിന് ഭരണകക്ഷിയായ ബിജെപിക്ക് ഫേസ്ബുക്ക് സഹായവും പിന്തുണയും നല്‍കിയെന്ന ഗുരുതര ആരോപണ നേരിടുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് ഇന്ത്യാ എംഡി അജിത് മോഹന്‍ പാര്‍ലമെന്റ് സമിതി മുമ്പാകെ ഹാജരായി വിശദീകരണം നല്‍കി. രണ്ടു മണിക്കൂറോളം സമിതി അദ്ദേഹത്തെ ചോദ്യം ചെയ്തു. മുന്‍വിധിയോടെ പ്രവര്‍ത്തിക്കുകയും വലതു പക്ഷ നേതാക്കളെ പിന്തുണയ്ക്കുകയും ചെയ്തതു സംബന്ധിച്ചായിരുന്നു സമിതി ഫേസ്ബുക്കിന്റെ മറുപടി തേടിയത്. 90 ചോദ്യങ്ങളാണ് സമിതി ഫേസ്ബുക്കിനോട് ചോദിച്ചതെന്ന് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ഇതിനു മറുപടി നല്‍കണം. ശശി തരൂര്‍ എംപിയുടെ അധ്യക്ഷതയിലുള്ള ഐടി കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം മൂന്നര മണിക്കൂറോളം നീണ്ടു.
സമിതി വാദം കേള്‍ക്കല്‍ തുടരും. ഫേസ്ബുക്ക് പ്രതിനിധിയെ വീണ്ടും ചോദ്യം ചെയ്യും. ഇലക്ടോണിക് ആന്റ് ഐടി മന്ത്രാലയം പ്രതിനിധിയുടെ വിശദീകരണം സമിതി തേടും. അടുത്ത സിറ്റിങ് തീയതി നിശ്ചയിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയ ദുരുപയോഗം, പൗരന്മാരുടെ അവകാശ സംരക്ഷണം എന്നിവ സംബന്ധിച്ച് വാദം കേള്‍ക്കുന്നതാണ് സമിതി ഇന്നു ചേര്‍ന്നത്. എഴുത്തുകാരനും പരഞ്ചോയ് ഗുഹ തകുര്‍ത്ത ഇന്റനെറ്റ് അവകാശ പ്രവര്‍ത്തകനും മീഡിയാനാമ സ്ഥാപകനുമായി പത്രപ്രവര്‍ത്തകന്‍ നിഖില്‍ പഹ്‌വ എന്നിവരേയും സമിതി ക്ഷണിച്ചു വരുത്തിയിരുന്നു.