ന്യൂദൽഹി- ചൈനീസ് സൈന്യം വീണ്ടും കടന്നു കയറ്റ ശ്രമം തുടരുന്നതിനിടെ 118 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു. ഇന്ത്യയിൽ ഏറെ പ്രചാരമുണ്ടായിരുന്ന പബ്ജി ഗെയിമും നിരോധിച്ച മൊബൈൽ ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ പരമാധികാരവും അന്തസും പ്രതിരോധവും സുരക്ഷയും മുൻനിർത്തിയാണ് ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതെന്നാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. വിപിഎൻ ഫോർ ടിക് ടോക്, ലൂഡോ വേൾഡ്-ലൂഡോ സൂപ്പർ സ്റ്റാർ, സൈബർ ഹണ്ടർ, വീ ചാറ്റ് റീഡിംഗ്, ബൈദു എക്‌സ്പ്രസ് എഡിഷൻ, ആപ്പ് ലോക്ക്, ലൂഡോ ഓൾ സ്റ്റാർ-പ്ലേ ഓൺലൈൻ ലൂഡോ ഗെയിം ആന്റ് ബോർഡ് ഗെയിംസ്, വൂവ് മീറ്റീംഗ് എന്നിവയാണ് ഇന്നലെ നിരോധിച്ച 118 ചൈനീസ് ആപ്ലിക്കേഷനുകളിൽ ഇന്ത്യയിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നവ.
ഇന്ത്യയിൽ ഏറെ പ്രചാരമുള്ള പബ്ജി കളിക്കുന്നവരുടെ എണ്ണം രാജ്യത്ത് 33 കോടിയാണ്. പ്രതിദിനം 13 കോടി ആളുകൾ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് വിവരം. പബ്ജി മൊബൈൽ നോർഡിക് മാപ്പ്: ലിവിക് ആപ്പും പബ്ജി മൊബൈൽ ലൈറ്റ് ആപ്പും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. 2009ലെ വിവരസാങ്കേതിക നിയമത്തിന്റെ 69 എ വകുപ്പ് അനുസരിച്ചാണ് പബ്ജി ഉൾപ്പടെയുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതെന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം, അന്തസ്, പ്രതിരോധം, സുരക്ഷ, ക്രമസമാധാനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു എന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകളുടെ നിരോധനമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇന്ത്യൻ സൈബർ സ്‌പേസിലെ സുരക്ഷയും പരമാധികാരവും ഉറപ്പു വരുത്താനുള്ള നടപടിയാണിതെന്നും സർക്കാർ വ്യക്തമാക്കി.
ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ശുപാർശ ചെയ്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും പൗരൻമാരുടെ സ്വകാര്യതയെയും ഹനിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്നും പാർലമെന്റിനകത്തും പുറത്തുമുള്ള ജനപ്രതിനിധികളും മറ്റും ശക്തമായി ആവശ്യപ്പെട്ടിരുന്നു എന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ചൈനീസ് ബന്ധമുള്ള 59 ആപ്പുകളും ജൂലൈയിൽ 47 മൊബൈൽ ആപ്ലിക്കേഷനുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇന്ത്യയിൽ ഏറെ പ്രചാരമുണ്ടായിരുന്ന ടിക് ടോക്, ഷെയർ ഇറ്റ്, ക്ലബ് ഫാക്ടറി, കാം സ്‌കാനർ എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ജൂണിലാണ് നിരോധിച്ചത്.