Sorry, you need to enable JavaScript to visit this website.

മഅ്ദനിയുടെ ആരോഗ്യനില ഗുരുതരം; അടിയന്തര ശസ്ത്രക്രിയയ്ക്ക് നിര്‍ദേശം

ആലപ്പുഴ-പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിരവധി അസുഖങ്ങള്‍മൂലം ബുദ്ധിമുട്ടുന്ന മഅ്ദനിയ്ക്ക് മൂത്രാശയസംബന്ധമായ ശസ്ത്രക്രിയ അടിയന്തരമായി വേണമെന്നാണ് ബഗംളുരു ആസ്റ്റര്‍ സിഎംസി ആശുപത്രി അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബംഗളുരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ ഉടനെ നടക്കില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് നല്‍കുന്ന സൂചന. ചൊവ്വാഴ്ച പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ മഅ്ദനിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ ഉടനടി ശസ്ത്രക്രിയയ്ക്കാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇവിടെ രക്തപരിശോധനയും സ്‌കാനിംഗും നടത്തി. ക്രിയാറ്റിന്റെ അളവ് കൂടിയതിനാലും ജിഎഫ്ആര്‍ ക്രമാതീതമായി കുറയുകയും ചെയ്യുന്നതിനാല്‍ കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ വല്ലാതെ അലട്ടുന്നുണ്ട്. ഇതിന്റെ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് മൂത്രാശയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചത്. ബംഗളുരുവില്‍ കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ കേരളത്തിലെത്തിച്ച് ചികില്‍സ ലഭ്യമാക്കണമെന്നാണ് മഅ്ദനിയുടെ ആവശ്യം. കേരളത്തില്‍ അദ്ദേഹത്തെ ചികില്‍സിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം തലവന്‍ ഡോ. ഇക്ബാല്‍, കൊല്ലത്തെ ഡോ. പ്രവീണ്‍ നമ്പൂതിരി എന്നിവരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി മലയാളം ന്യൂസിനോട് പറഞ്ഞു.
പ്രസ്തുത ഡോക്ടര്‍മാരുമായി നിലവിലെ ആരോഗ്യാവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവരുടെ വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മഅ്ദനിയോടൊപ്പം ബംഗളുരുവിലുള്ള സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

 

Latest News