മഥുര- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗത്തിച്ചതിന് വ്യാജകുറ്റം ചുമത്തി യുപി സര്‍ക്കാര്‍ ജയിലിലടച്ച ഡോ. കഫീല്‍ ഖാനെ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അര്‍ദ്ധ രാത്രി മോചിപ്പിച്ചു. മഥുര ജയിലിലായിരുന്ന അദ്ദേഹത്തിനെതിരെ യുപി പോലീസ് ചുമത്തിയ ദേശീയ സുരക്ഷാ നിയമത്തിലെ കടുത്ത വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കഫീല്‍ ഖാന്റെ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞിരുന്നു. 'എന്റ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വ്യക്തമാക്കിയ ഈ ഉത്തരവിന് കോടതിയോട് കടപ്പാടുണ്ട്. പിന്നെ മുംബൈയില്‍ നിന്നും മഥുരയിലേക്ക് കൊണ്ടു വരുമ്പോള്‍ ഏറ്റുമുട്ടലുണ്ടാക്കി എന്നെ കൊല്ലാതിരുന്ന പ്രത്യേക ദൗത്യ സേനയ്ക്കും നന്ദിയുണ്ട്,' ജയിലിലില്‍ നിന്നറങ്ങിയ ഖാന്‍ എന്‍ഡിടിവിയോട് പ്രതികരിക്കവെ പറഞ്ഞു. 'രാജാവ് രാജ്യധര്‍മത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് രാമായണത്തില്‍ വാല്‍മീകി മഹര്‍ഷി പറയുന്നുണ്ട്. എന്നാല്‍ യുപിയില്‍ രാജാവ് രാജ്യധര്‍മമല്ല ചെയ്യുന്നത്, കുട്ടികളെ പോലെ മര്‍ക്കടമുഷ്ടി കാണിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം റദ്ദാക്കിയ കോടതി കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും മണിക്കൂറുകളോളം വൈകിപ്പിച്ചാണ് ജയില്‍ അധികൃതര്‍ മോചിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ജയില്‍ അധികൃതര്‍ക്കെതിരെ കോടതിയലക്ഷ്യ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ അറിയിപ്പില്ലാതെ കഫീല്‍ ഖാനെ മോചിപ്പിക്കില്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ നിലപാട്. എന്നാല്‍ ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടാല്‍ നിയമ പ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുവാദത്തിനായി കാത്തിരിക്കേണ്ടതില്ല.
പ്രകോപനപരമായി പ്രസംഗിച്ചുവെന്ന കഫീല്‍ ഖാനെതിരായ കുറ്റം അടിസ്ഥാന രഹിതമാണെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായിരുന്നു. പ്രസംഗം അടങ്ങിയ സിഡിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഭീകരനിയമമായ ദേശീയ സുരക്ഷാ നിയമം ചാര്‍ത്തി ഖാനെ ജയിലിലടച്ചത്. സിഡിയുടെ ഉള്ളടക്കം അറിയാന്‍ അദ്ദേഹത്തിന് ഒരു ഉപകരണവും നല്‍കിയില്ല. പ്രസംഗത്തിന്റെ കയ്യെഴുത്തു പ്രതി പോലും നല്‍കിയില്ല. തനിക്കെതിരായ കുറ്റം എന്തായിരുന്നു എന്നു പോലും കഫീല്‍ ഖാന് അറിയുമായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനോജ് കുമാര്‍ പറഞ്ഞു.