ന്യൂദല്‍ഹി-മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും കപില്‍ സിബലും കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു.
കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സിബല്‍, ആസാദ് തുടങ്ങിയവര്‍ ജ്യോതിരാദിത്യ സിന്ധ്യ ചെയ്തതുപോലെ രാജി സമര്‍പ്പിച്ച് ബി.ജെ.പി യില്‍ ചേരുകയാണ് വേണ്ടതെന്നും അത്താവാലെ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. കപില്‍ സിബലും ആസാദും ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ചതായാണ് രാഹുല്‍ ഗാന്ധി ആരോപിച്ചിരിക്കുന്നത്. ഇതിനാലാണ് സിബലിനോടും ആസാദിനോടും കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അത്താവാലെ പറഞ്ഞു. കോണ്‍ഗ്രസ് വിപുലീകരിക്കാനും ശക്തമാക്കാനും അവര്‍ വര്‍ഷങ്ങളോളം ചെലവഴിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ബി.ജെ.പിയില്‍ ചേരുന്നതാണ് നല്ലതെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
ജ്യോതതിരാദിത്യ സിന്ധ്യയെപ്പോലെ ഇവരും അവിടെനിന്ന് പുറത്തു കടക്കണം. സച്ചിന്‍ പൈലറ്റ് അങ്ങനെ ചെയ്തുവെങ്കിലും വീണ്ടും ഒത്തുതീര്‍പ്പിലെത്തി. കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ആളുകളെയാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഇനിയും വര്‍ഷങ്ങളോലം അധികാരത്തില്‍ തുടരുമെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ 350 സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും അത്താവാലെ പറഞ്ഞു.
ബി.ജെ.പി ഇപ്പോള്‍ ജനങ്ങളുടെ പാര്‍ട്ടിയാണ്, എല്ലാ ജാതി, മത വിഭാഗങ്ങളും ബിജെപിയില്‍ ചേരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ വിജയമാകുകയും കോണ്‍ഗ്രസിന്റെ ഉന്മൂലനം സാധ്യമാകകുയും ചെയ്യും- കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രിയായ അത്താവാലെ പറഞ്ഞു.