ന്യൂദല്‍ഹി- ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയുടെ പ്രത്യേക സേനയിലെ ഒരു തിബത്തന്‍ ഭടന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ 48 മണിക്കൂറിനിടെ നടന്ന രണ്ട് സംഭവങ്ങളില്‍ ആദ്യത്തെ മരണമാണിത്. തിബത്തന്‍ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ രണ്ട് മാസം പിന്നിടുമ്പോഴാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.
ലഡാക്ക് മേഖലയില്‍ ശനിയാഴ്ച രാത്രി സൈന്യം അനൗദ്യോഗിക അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്ന് ഇന്ത്യയും ചൈനയും ആരോപിച്ചിരുന്നു. എന്നാല്‍ ഇരുപക്ഷവും ആളപായമോ നാശനഷ്ടമോ അറിയിച്ചിട്ടില്ല. ഇന്ത്യയുടെ ഭാഗത്ത് തിബത്തന്‍ വംശജനയാ സൈനികന്‍ മരിച്ചുവെന്ന കാര്യം തിബത്തന്‍ പാര്‍ലമെന്റ് അംഗം നംഗ്യാല്‍ ദോള്‍ക്കര്‍ ലഗ്യാരിയാണ് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയെ അറിയിച്ചത്. സൈനിക നടപടിയില്‍ അതിര്‍ത്തിയില്‍ നിയോഗിച്ച പ്രത്യേക സേനയിലെ മറ്റൊരു തിബത്തന്‍ അംഗത്തിന് പരിക്കേറ്റതായും അവര്‍ പറഞ്ഞു.
തങ്ങളുടെ സ്വന്തം പ്രദേശത്ത് ചൈനയുടെ അവകാശവാദത്തെ എതിര്‍ക്കുന്ന നിരവധി തിബത്തന്‍ വംശജര്‍ ഉള്‍പ്പെടുന്നതാണ് ചൈനീസ് അതിര്‍ത്തിയിലെ ഇന്ത്യയുടെ പ്രത്യേക സേന.
ജൂണ്‍ 15 ന് നടന്ന സൈനിക ഏറ്റുമുട്ടലിനു ശേഷം പതിനായിരക്കണക്കിന് സൈനികരെയാണ് ഇരു രാജ്യങ്ങളും ഈ പ്രദേശത്തേക്ക് അയച്ചിരുന്നത്. 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അറിയിച്ചുവെങ്കിലും ജൂണ്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ക്കുണ്ടായ അപകടം ചൈന വെളിപ്പെടുത്തിയിരുന്നില്ല. തങ്ങളുടെ ഭാത്തും മരണമുണ്ടായെന്നു മാത്രമാണ് സമ്മതിച്ചിരുന്നത്.
ഏറ്റവും പുതിയ സംഭവങ്ങള്‍ക്ക് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ ശനിയാഴ്ച ചൈനീസ് സൈന്യം പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ നടത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച ഇന്ത്യ നടത്തിയ സൈനിക നീക്കം തങ്ങളുടെ പരമാധികാരത്തെ ഗുരുതരമായി ലംഘിക്കുന്നതാണെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും കുറ്റപ്പെടുത്തി. ഇന്ത്യന്‍ സൈനികര്‍ ഉടന്‍ പിന്മാറണമെന്ന് ചൈന ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ ഇരുരാജ്യങ്ങളിലെയും ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കെ ചൈനയാണ് ഏറ്റവും പുതിയ സംഭവത്തിന് കാരണമായതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
അതിര്‍ത്തിയിലെ തല്‍സ്ഥിതിക്ക് മാറ്റം വരുത്താനാണ് ചൈനീസ് സൈനികര്‍ ശനിയാഴ്ച ശ്രമിച്ചതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
4,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പാങ്കോങ്‌സോ തടാകത്തിന് ചുറ്റും പരമ്പരാഗതമായി ഇന്ത്യ അവകാശപ്പെടുന്ന കുന്നിന്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഏകപക്ഷീയമായി സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതിനുള്ള ചൈനീസ് ശ്രമങ്ങള്‍ തടയാന്‍ കഴിഞ്ഞുവെന്നും നമ്മുടെ നിലപാടുകള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ ഭടന്മാര്‍ക്ക് സാധിച്ചുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ജൂണില്‍ നടന്ന ഏറ്റുമുട്ടലിനുശേഷം ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെ ഇന്ത്യ ചൈനക്കെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് സൈനികര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ ബന്ധം കൂടുതല്‍ വഷളാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ടിക് ടോക്ക് വീഡിയോ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ ചൈനീസ് ഉടമസ്ഥതയിലുള്ള 49 ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു. ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ മരവിപ്പിക്കാനും കസ്റ്റംസ് പോസ്റ്റുകളില്‍ ചൈനീസ് സാധനങ്ങള്‍ തടയാനും നടപടികള്‍ സ്വീകരിച്ചു.