റിയാദ് - ജൂലൈയിൽ പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ഉപകരണങ്ങൾ വഴിയുള്ള ഇടപാടുകളിൽ 33.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ പി.ഒ.എസ് വഴി 3151 കോടി റിയാലിന്റെ ഇടപാടുകളാണ് ഉപയോക്താക്കൾ നടത്തിയത്. 2019 ജൂലൈയിൽ ഇത് 2354 കോടി റിയാലായിരുന്നു.
ജൂലൈയിൽ ഇടപാടുകളുടെ എണ്ണം 102.5 ശതമാനം തോതിൽ വർധിച്ചു. ജൂലൈയിൽ 26.83 കോടി ഇടപാടുകളാണ് നടന്നത്. 2019 ജൂലൈയിൽ ഇത് 13.25 കോടി ഇടപാടുകളായിരുന്നു.
പി.ഒ.എസ് ഉപകരണങ്ങളുടെ എണ്ണം ഒരു വർഷത്തിനിടെ 38 ശതമാനം തോതിൽ വർധിച്ചു. ജൂലൈ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 5,58,760 ഉപകരണങ്ങളാണുള്ളത്. 2019 ജൂലൈയിൽ 4,04,240 ആയിരുന്നു.
2020 ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ പി.ഒ.എസ് ഉപകരണങ്ങൾ വഴി നടന്ന ഇടപാടുകളുടെ മൂല്യത്തിൽ 14.8 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂണിൽ 3700 കോടി റിയാലിന്റെ ഇടപാടുകൾ നടന്നിരുന്നു. എന്നാൽ ഇടപാടുകളുടെ എണ്ണം ജൂലൈയിൽ 21.5 ശതമാനം തോതിൽ വർധിച്ചു. ജൂണിൽ 22 കോടി ഇടപാടുകളാണ് നടന്നത്.
ജനുവരിയിൽ 2850 കോടിയുടെയും ഫെബ്രുവരിയിൽ 2540 കോടിയുടെയും മാർച്ചിൽ 2480 കോടിയുടെയും ഏപ്രിലിൽ 1620 കോടിയുടെയും മേയിൽ 2340 കോടി റിയാലിന്റെയും ഇടപാടുകളാണ് നടന്നത്. ജനുവരിയിൽ 18.6 കോടിയും ഫെബ്രുവരിയിൽ 18.3 കോടിയും മാർച്ചിൽ 17.4 കോടിയും ഏപ്രിലിൽ 12.1 കോടിയും മേയിൽ 15.9 കോടിയും ജൂണിൽ 22 കോടിയും ജൂലൈയിൽ 26.8 കോടിയും ഇടപാടുകൾ പി.ഒ.എസ് ഉപകരണങ്ങൾ വഴി നടന്നു.