Sorry, you need to enable JavaScript to visit this website.

ബിജെപി ചൂണ്ടിക്കാണിക്കും, ഫേസ്ബുക്ക് വെട്ടും; എതിരാളികളെ ഒതുക്കിയ ഇടപാടുകള്‍ ഇങ്ങനെ

ന്യൂദല്‍ഹി- ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയും യുഎസ് കമ്പനിയായ ഫേസ്ബുക്കും ചേര്‍ന്നു നടത്തുന്ന അവിഹിത ഇടപാടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നതിനു പിന്നാലെ തെരഞ്ഞെടുപ്പു കാലത്തെ ചില നീക്കങ്ങളും സംശയത്തിന്റെ നിഴലിലായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 44 ഫേസ്ബുക്ക് പേജുകളാണ് ബിജെപി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് നീക്കം ചെയ്യിച്ചത്. ഇവയില്‍ 14 പേജുകള്‍ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന ഭീം ആര്‍മി, ആക്ഷേപ ഹാസ്യ പേജായ വി ഹേറ്റ് ബിജെപി, കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന പേജുകള്‍, ദി ട്രൂത്ത് ഓഫ് ഗുജറാത്ത് എന്നിവ നീക്കം ചെയ്യണമെന്നാണ് ബിജെപി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്. വ്യാജ വാര്‍ത്തകളെ പൊളിച്ചടുക്കുന്ന ആള്‍ട്ട് ന്യൂസ് പോര്‍ട്ടലിലെ ലിങ്കുകളാണ് ട്രൂത്ത് ഓഫ് ഗുജറാത്ത് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ രവീഷ് കുമാര്‍, വിനോദ് ദുഅ എന്നിവരുടെ പേജുകളിലും ഇതിലുള്‍പ്പെടും.

ഡീലീറ്റ് ചെയ്യപ്പെട്ട 17 പേജുകള്‍ പുനസ്ഥാപിക്കണമെന്ന് ബിജെപി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തീവ്രവലതു പക്ഷ വാര്‍ത്താ പോര്‍ട്ടലുകളായ, വര്‍ഗീയവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളുള്ള ഓപ് ഇന്ത്യ, ദി ചൗപാല്‍ എന്നീ വെബ്‌സൈറ്റുകളുടെ പേജുകളില്‍ വരുമാനത്തിന് വഴിയൊരുക്കുന്ന 'മോണിട്ടൈസ്' അനുവദിക്കണമെന്നും ബിജെപി നേരിട്ട് ഫേസ്ബുക്കിന് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ബിജെപി ആവശ്യപ്പെട്ട 17 പേജുകളും ഇപ്പോള്‍ ലൈവാണ്. ഇവ അബദ്ധത്തില്‍ നീക്കം ചെയ്യപ്പെട്ടതാണെന്നാണ് ഫേസ്ബുക്ക് ബിജെപി ഐടി സെല്‍ മോധാവി അമിത് മാളവ്യയ്ക്കു നല്‍കിയ മറുപടി.

ബിജെപിയുടെ ആവശ്യപ്രകാരം പുനസ്ഥാപിക്കപ്പെട്ട പേജുകളില്‍ ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് സംഘപരിവാര്‍ അനുകൂല വര്‍ഗീയ പ്രചാരണം നടത്തുന്ന പോസ്റ്റ് കാര്‍ഡ് ന്യൂസ് എന്ന പോര്‍്ട്ടലില്‍ നിന്നുളള കണ്ടന്റുകളാണ്. ഇവയിലേറെയും കന്നഡ ഭാഷയിലുള്ളതാണ്. ഈ പേജുകളൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി നേരിട്ട് ബന്ധമുള്ളതായി വെളിപ്പെടുത്തുന്നില്ല. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് മതവികാരം വൃണപ്പെടുത്തി വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസില്‍ 2018ല്‍ മാര്‍ച്ചില്‍ ബെംഗളുരുവില്‍ അറസ്റ്റിലായ മഹേഷ് വി ഹെഗ്‌ഡെ ആണ് പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍. ഹെഗ്‌ഡെയ്ക്കു വേണ്ടി അന്ന് കോടതിയില്‍ ഹാജരായത് ബിജെപി എംപി തേജസ്വി സൂര്യയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് കാര്‍ഡിന്റെ പേജ് നീക്കം ചെയ്തിരുന്നു.

ഈ നീക്കങ്ങളെല്ലാം നടന്നത് ബിജെപി ഐടി സെല്‍ മേധാവി അമിത മാളവ്യയും ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടര്‍മാരായ അംഖി ദാസ്, ശിവ്‌നാഥ് തുക്രല്‍ എന്നിവരുമായി നടത്തിയ ഇമെയില്‍ ആശയവിനിമയത്തിലൂടെയാണ്. അംഖി ദാസും ശിവ്‌നാഥ് തുക്രലും ഇതിനോട് പ്രതികരിച്ചില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടില്‍ പറയുന്നു. 

Latest News