ന്യൂദല്‍ഹി- ലോക്ഡൗണ്‍ കാരണം വായ്പാ തിരിച്ചടവുകള്‍ക്ക് നല്‍കിയ മൊറട്ടോറിയം ഇളവ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശ പ്രകാരം രണ്ടു വര്‍ഷം വരെ നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നേരിട്ട പ്രത്യാഘാതത്തിന്റെ അടിസ്ഥാനത്തില്‍ അനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് അവശ മേഖലകളെ വേര്‍ത്തിരിക്കുന്ന നടപടി പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. മൊറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ എഴുതിത്തള്ളുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാത്തതിന് നാലു ദിവസം മുമ്പ് കേന്ദ്രത്തെ സുപ്രീം കോടതി ശാസിക്കുകയും മറുപടി ഒരാഴ്ചയ്ക്കകം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ മറുപടിയും കേന്ദ്രം സമര്‍പിച്ചു.
പരിഹാര നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ റിസര്‍വ് ബാങ്കുമായും മറ്റു ബാങ്കുകളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും മേത്ത പറഞ്ഞു. 'ഇതു തന്നെയാണ് കഴിഞ്ഞ മൂന്നു തവണ വാദം കേട്ടപ്പോഴും കേട്ടത്. രാജ്യം ഒരു പ്രശനത്തിലൂടെ കടന്നു പോകുകയാണ്. നളെ 10.30ന് വീണ്ടും കേസ് പരിഗണിക്കും' എന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ മറുപടി.
മൊറട്ടോറിയം കാലയളവിലെ വായ്പാ തിരിച്ചടവുകളുടെ പലിശ/കൂട്ടുപലിശ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചു വരുന്നത്. ഇതു വിശദമായി ബുധനാഴ്ച വാദം കേള്‍ക്കും.