ലഖ്‌നൗ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമ (എന്‍എസ്എ) പ്രകാരം അറസ്റ്റ് ചെയ്ത് തടവിലിട്ട ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. കടുത്ത നിയമമായ എന്‍എസ്എ ചുമത്തി തടവ് നീട്ടിക്കൊണ്ടു പോകുന്നത് നിയമവിരുദ്ധമാണെന്നും ഉടന്‍ സ്വന്ത്രനാക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് യുപി പോലീസ് കഫീല്‍ ഖാനെ പിടികൂടിയത്. ജനുവരി 29ന് അറസ്റ്റിലായ ഖാന്‍ അലിഗഢിലെ ജയിലിലാണ് കഴിയുന്നത്. പ്രസംഗത്തിലൂടെ യൂണിവേഴ്‌സിറ്റിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ഡിസംബര്‍ 13ന് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറില്‍ പോലീസ് പറയുന്നു.
എന്നാല്‍ ഡോ. കഫീല്‍ ഖാന്റെ പ്രസംഗം പൂര്‍ണമായും പരിശോധിച്ചപ്പോള്‍ അതില്‍ വിദ്വേഷമോ, അക്രമത്തിനുള്ള പ്രേരണയോ ഇല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി. അലിഗഢ് നഗര പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായതൊന്നും ഇതിലില്ല- ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രസംഗത്തിന്റെ ശരിയായ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ഏതാനും വാക്കുകള്‍ മാത്രമെടുത്താണ് ജില്ലാ മജിസ്‌ട്രേറ്റ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും കോടതി പറഞ്ഞു.