ജമ്മു- ഇന്ത്യന്‍ വിദേശ മന്ത്രാലയത്തില്‍ സമ്പര്‍ക്കം സ്ഥാപിക്കാന്‍ ഭീകരര്‍ക്ക് സഹായം നല്‍കി പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെ പാക്കസ്ഥാന്‍ ചുമതലപ്പെടുത്തിയിരുന്നുവെന്ന് കുറ്റപത്രം.
സസ്‌പെന്‍ഷനിലായ ദവീന്ദര്‍ സിംഗിനെതിരെ ജമ്മു കോടതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച 3064 പേജ് കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനെ സഹായിച്ചുവെന്നാണ് കുറ്റപത്രം.
പാക്ക് ഹൈക്കമ്മീഷനില്‍നിന്ന് പിന്നീട് സ്വദേശത്തേക്കു തിരിച്ചുവിളിച്ച ഉദ്യോഗസ്ഥരായിരുന്നു ദവീന്ദര്‍ സിംഗിനെ നിയന്ത്രിച്ചിരുന്ന പാക് ഉദ്യോഗസ്ഥരെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേന്ദ്ര വിദേശ മന്ത്രാലയത്തില്‍ സ്വന്തക്കാരെ ഉണ്ടാക്കാനുള്ള ദവീന്ദര്‍ സിംഗിന്റെ ശ്രമം വിജയിച്ചിരുന്നില്ല.
ജമ്മു കശ്മീര്‍ പോലീസിലെ ഹൈജാക്കിംഗ് വിരുദ്ധ യൂനിറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സീനിയര്‍ ഉദ്യോഗസ്ഥനെ കഴിഞ്ഞ ജനുവരിയിലാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മൂന്ന് ഭീകരര്‍ക്ക് അഭയം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇയാളുടെ അറസ്റ്റ്.