മുംബൈ- മുംബൈ രാജ്യാന്തര വിമാനത്താവലത്തിന്റെ ഭൂരിപക്ഷ ഓഹരികളും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് വാങ്ങും. നിലവില്‍ ജിവികെ ഗ്രൂപ്പിന്റെ പക്കലുള്ള 50.5 ശതമാനം ഓഹരികളാണ് അദാനി വാങ്ങുന്നത്. കൂടാതെ എയര്‍പോര്‍ട്‌സ് കമ്പനി സൗത്ത് ആഫ്രിക്ക, ബിഡ്‌വെസ്റ്റ് ഗ്രൂപ്പ് എന്നിവരുടെ പക്കലുള്ള 23.5 ശതമാനം ഓഹരികളും വാങ്ങും. ഇതോടെ മുംബൈ ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അദാനിയുടെ ഓഹരി 74 ശതമാനമായി ഉയരും. അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി എയര്‍പോര്‍ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന കമ്പനിയായിരിക്കും ഇനി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുക. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് അവകാശം കൂടി അദാനി ഗ്രൂപ്പിനു ലഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള കമ്പനിയും അദാനിയുടേതാകും. ഈ രംഗത്തെ മറ്റൊരു പ്രമുഖ കമ്പനി ജിഎംആര്‍ ഗ്രൂപ്പ് ആണ്. ഈ കമ്പനിയാണ് ദല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ നടത്തുന്നത്.