Sorry, you need to enable JavaScript to visit this website.

ലോക്ഡൗണ്‍ തിരിച്ചടിച്ചു; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് 

ന്യൂദല്‍ഹി- 2020-21 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ പ്രസിദ്ധീകരിച്ചു. ആഭ്യന്ത മൊത്ത ഉല്‍പ്പന്ന(ജിഡിപി) വളര്‍ച്ചാ നിരക്കില്‍ 23.9 ശതമാനം കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ ത്രൈമാസ കാലയളവിലാണിത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേപാദത്തില്‍ ജിഡിപി 5.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ചരിത്രത്തിലെ ഏറ്റവം മോശം പ്രകടനമാണിത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയതിനാല്‍ ഉല്‍പ്പാദന മേഖലയും സേവനമേഖലയും പൂര്‍ണമായും നിശ്ചലമായതാണ് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കിയത്. 

തൊട്ടു മുമ്പത്തെ പാദത്തില്‍ 3.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതാണ് മൂന്നു മാസത്തിനിടെ 23.9 ശതമാനമായി കൂപ്പുകുത്തിയതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പ്രസിദ്ധീകരിച്ച സാമ്പത്തിക ഫലം വ്യക്തമാക്കുന്നു. ഇതു പ്രതീക്ഷിതച്ചതായിരുന്നു. സാമ്പത്തിക വിദഗ്ധരും വിവിധ ഏജന്‍സികളും വളര്‍ച്ചാ നിരക്കില്‍ 16.5 ശതമാനം മുതല്‍ 18 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കു പ്രകരാം കാര്‍ഷിക മേഖല ഒഴികെ മറ്റെല്ലാ പ്രധാന മേഖലകളിലും വളര്‍ച്ചാ ഇടിവ് ഉണ്ടായി. നിര്‍മാണ മേഖലയില്‍ 50.3 ശതമാനമാണ് ഇടിവ്. ഉല്‍പ്പാദന രംഗത്ത് 39.3 ശതമാനവും. ഇലക്ട്രിസിറ്റി, ഗ്യാസ്, കുടിവെള്ളം തുടങ്ങി അവശ്യ സേവന മേഖലകളില്‍ ഏഴു ശതമാനവും വ്യാപാരം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ രംഗത്ത് 47 ശതമാവും വളര്‍ച്ച ഇടിഞ്ഞു.
 

Latest News