Sorry, you need to enable JavaScript to visit this website.

പിഴയൊടുക്കാൻ തയ്യാറാണെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂദൽഹി- കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കുമെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. തന്റെ ട്വീറ്റുകൾ സുപ്രീം കോടതിയെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സുപ്രീം കോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിൽ അഡ്വ.പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. പിഴ അടക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അഭിഭാഷക വൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 

ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി പറപ്പെടുവിച്ചത്.

പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹർജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നാഗ്പുരിൽവെച്ച് ബി.ജെ.പി നേതാവിന്റെ ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
 

Latest News