ന്യുദൽഹി- ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം വൻതോതിൽ ലാഭം കൊയ്‌തെന്ന വാർത്ത സർക്കാർ കണക്കുകൾ സഹിതം പുറത്തു കൊണ്ടു വന്ന സ്വതന്ത്ര വാർത്താ പോർട്ടലായ ദി വയറിന് അഹമ്മദാബാദ് റൂറൽ (മിർസാപൂർ) കോടതിയുടെ താൽക്കാലിക വിലക്ക്. ദ് വയറിനെതിരെ ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസ് തീർപ്പാക്കുന്നതു വരെ ജയ് ഷായുമായി ബന്ധപ്പെട്ട് ദി വയർ പ്രസിദ്ധീകരിച്ച വാർത്തയെ കുറിച്ചുള്ള ലേഖനങ്ങൾ അച്ചടി, ഇലക്ടോണിക്, ഡിജിറ്റൽ തുടങ്ങിയ ഒരു രൂപത്തിലും പ്രസിദ്ധീകരിക്കാൻ പാടില്ല. ഇതു സംബന്ധിച്ച് ടി വി ചർച്ചകളോ, അഭിമുഖങ്ങളോ, വാർത്തകളോ അല്ലെങ്കിൽ മറ്റേതെങ്കിലും പരിപാടികളോ ഒരു ഭാഷയിലും നൽകാൻ പാടില്ലെന്നാണ് ഉത്തരവിൽ പറയയുന്നത്.
തങ്ങളുടെ ഭാഗം കേൾക്കാൻ തയാറാകാതെയാണ് കോടതിയുടെ ഈ ഉത്തരവെന്ന് വയർ പ്രതികരിച്ചു. നോട്ടീസ് നൽകുകയോ വിശദീകരണം നൽകാൻ അവസരം തരികയോ ചെയ്തിട്ടില്ലെന്നും വയർ വ്യക്തമാക്കി. തങ്ങൾക്കെതിരെ നൽകിയിരിക്കുന്ന സിവിൽ കേസിൽ വയറിന്റെ ഭാഗത്തു നിന്ന് വസ്തുതാപരമായ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കേസ് വിശദാംശങ്ങൾ വായിക്കുന്ന ആർക്കും വ്യക്തമാകും. വ്യാജ വാർത്ത നൽകിയെന്ന കേസ് വയറിനെതിരെ നൽകിയിട്ടില്ല. തങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും വയർ പ്രതികരിച്ചു.
ദ് ഹിന്ദു മുൻ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റേയും മുതിർന്ന മാധ്യമ പ്രവർത്തകരുടേയും നേതൃത്വത്തിലുള്ള സ്വതന്ത്ര്യ ഡിജിറ്റൽ മാധ്യമ സ്ഥാപനമാണ് ദ് വയർ. ചുരുങ്ങിയ കാലയളിൽ ശ്രദ്ധേയമായ വാർത്തകൾ കൊണ്ട് വിശ്വാസ്യത നേടിയെടുത്ത പോർട്ടലിന്റെ സാമ്പത്തിക സ്രോതസ്സ് വായനക്കാരുടെ സംഭാവനയാണ്. 2015ൽ വെറും അമ്പതിനായിരം രൂപ വരുമാനമുണ്ടായിരുന്ന ജയ് ഷായുടെ കമ്പനി 2016 ആയപ്പോഴേക്കും 80.5 കോടിയുടെ വരുമാനമുണ്ടാക്കിയെന്ന വാർത്ത സർക്കാർ രേഖകളിലെ കണക്കുകൾ സഹിതം വാർത്ത നൽകിയതോടെയാണ് വയറിനെതിരെ നീക്കമുണ്ടായത്.