ബംഗളൂരു- വിയറ്റ്‌നാമിന്റെയും ഇന്തോനേഷ്യയുടെയും ചുവടുപിടിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി അരി വിതരണം ചെയ്യുന്നതിന് എ.ടി.എമ്മുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ ഷോപ്പുകളില്‍ നീണ്ട നിരയില്‍ നില്‍ക്കാതെ അരി എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കായി കര്‍ണാടക ഇതിനകം വാട്ടര്‍ എടിഎമ്മുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു സമാനമായി അരി എടിഎമ്മുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.
പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ പറഞ്ഞു. 100 കിലോ മുതല്‍ 500 കിലോഗ്രാം വരെ അരി ഉള്‍ക്കൊള്ളുന്ന
ഡിസ്‌പെന്‍സറുകളാണ് സ്ഥാപിക്കുക. തുടക്കത്തില്‍ ഈ അരി എടിഎമ്മുകള്‍ രണ്ട് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ശേഷം സംസ്ഥാനത്തുടനീളം വിപുലീകരിച്ച് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അരി എടിഎമ്മുകള്‍ അഭിമുഖീകരിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അതിനു പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ഗുണനിലവാര നിയന്ത്രണം വളരെ പ്രധാനമാണ്. ഈ എടിഎമ്മുകളിലെ ധാന്യങ്ങള്‍ 24 മണിക്കൂറം തുറന്ന് സൂക്ഷിക്കുകയാണെങ്കില്‍ അവ എങ്ങനെ റീഫില്‍ ചെയ്യുമെന്ന് കണ്ടെത്തേണ്ടതുണ്ട്. എന്തായാലും ഇത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സംവിധാനമാണെന്നും നടപ്പാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഡ് ഉടമകള്‍ക്ക് ടോക്കണ്‍ നാണയങ്ങള്‍ കൈമാറുമെന്നും ഇത് എടിഎമ്മുകളില്‍ നിക്ഷേപിച്ച് പകരം അരി സ്വീകരിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
അന്ന ഭാഗ്യ പദ്ധതി പ്രകാരം കര്‍ണാടക സര്‍ക്കാര്‍ ബിപിഎല്‍ കാര്‍ഡ് ഉടമയ്ക്ക് പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ സൗജന്യ അരി നല്‍കുന്നുണ്ട്. അഞ്ച് കോടിയിലധികം പേരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.
പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ഒരു കുടുംബത്തിന് കിലോയ്ക്ക് 15 രൂപയ്ക്ക് അരി വാങ്ങാം. എടിഎം വഴി അരി നല്‍കുന്ന പദ്ധതിയില്‍ ഇവരെ ഉള്‍പ്പെടുത്തില്ല.
നാണയങ്ങള്‍ക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.