Sorry, you need to enable JavaScript to visit this website.

കത്തെഴുതിയവര്‍ക്കെതിരെ പടയൊരുക്കം തുടരുന്നു, തുറന്നടിച്ച് കപില്‍ സിബല്‍

ന്യൂദല്‍ഹി- നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ സ്ഥിതി രൂക്ഷമാകുന്നു. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ ഉത്തര്‍പ്രദേശ് ഘടകം ശക്തമായി രംഗത്തു വന്നതിനിടെ, പോരാട്ടം തുടരുമെന്ന സൂചന നല്‍കി കപില്‍ സിബലും പ്രതികരിച്ചു.
സ്ഥിരം നേതാവില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലെന്നും സോണിയാ ഗാന്ധി കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നും യു.പിയിലെ കോണ്‍ഗ്രസ് അതികായന്‍ സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. ഗുലാം നബി ആസാദിനെ പുറത്താക്കണമെന്നു യു.പി കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജിതിന്‍ പ്രസാദക്കെതിരെയും ഇവര്‍ രംഗത്തു വന്നിരുന്നു.

അതേസമയം, സോണിയാ ഗാന്ധിക്കയച്ച കത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പരിഗണിക്കുകയോ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് കപില്‍ സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കത്തിന്റെ പേരില്‍ അതില്‍ ഒപ്പിട്ടവര്‍ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ഒരു നേതാവും മുന്നോട്ടു വന്നില്ലെന്നും സിബല്‍ പറഞ്ഞു.
ബി.ജെ.പി ഭരണഘടന മാനിക്കുന്നില്ലെന്നും ജനാധിപത്യ അടിത്തറ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് എല്ലായ്‌പോഴും ആരോപിക്കുന്നുണ്ട്. ഞങ്ങള്‍ എന്താണ് വേണ്ടത്. ഞങ്ങളുടെ (പാര്‍ട്ടിയുടെ) ഭരണഘടന പാലിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനെ ആര്‍ക്കാണ് എതിര്‍ക്കാനാവുക -കപില്‍ സിബല്‍ ചോദിച്ചു.

ഈ രാജ്യത്തെ രാഷ്ട്രീയം, ഞാന്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെ അടിസ്ഥാനമാക്കി പറയുന്നില്ല, പ്രാഥമികമായി വിശ്വസ്തതയില്‍ അധിഷ്ഠിതമാണ്. വിശ്വസ്തതയോടൊപ്പം യോഗ്യതയും പ്രതിബദ്ധതയും ഉള്‍ക്കൊള്ളാനുള്ള മനസ്സും അതായത് കേള്‍ക്കാനും ചര്‍ച്ചക്കുള്ള വേദി. അതായിരിക്കണം രാഷ്ട്രീയം -അദ്ദേഹം പറഞ്ഞു.

കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കേണ്ടതായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. അതാണ് സംഭവിക്കേണ്ട അടിസ്ഥാനപരമായ കാര്യം. ഞങ്ങള്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ തീര്‍ച്ചയായും ചോദ്യം ചെയ്യാം.
എന്നാല്‍ ഞങ്ങള്‍ എഴുതിയതിന്റെ വസ്തുതയെ കുറിച്ചോ പൊരുളിനെ കുറിച്ചോ സംസാരിക്കുന്നില്ലെങ്കില്‍ അത് സ്വന്തം കാരണത്താല്‍ അകന്നു നില്‍ക്കുന്നതിന്റെ ഒരു ഉദാഹരണമാണ്. അതാണ് സംഭവിച്ചത്. കത്തില്‍ പ്രതിഫലിച്ചിട്ടുള്ള ഞങ്ങളുടെ അഭ്യര്‍ഥന പ്രവര്‍ത്തക സമിതിയില്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. എന്നിട്ടും ഞങ്ങളെ വിമതര്‍ എന്ന് വിളിക്കുന്നുവെന്നും സിബല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതിനിടെ, കത്തില്‍ ഒപ്പിട്ട ജിതിന്‍ പ്രസാദക്ക് പിന്നാലെ ഇപ്പോള്‍ ഗുലാം നബി ആസാദിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റി. ഗുലാം നബി ആസാദ് ഉത്തര്‍പ്രദേശിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോഴുണ്ടായ പരാജയം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ആക്രമണം.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുലാം നബി സമാജ് വാദി-കോണ്‍ഗ്രസ് സഖ്യത്തിന് നിര്‍ബന്ധിച്ചുവെന്ന് യു.പി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍മല്‍ ഖാത്രി ആരോപിച്ചു. രാഹുല്‍ ഗാന്ധി സഖ്യത്തെ എതിര്‍ത്തിരുന്നുവെന്ന് എനിക്കറിയാം. എന്നാല്‍ ആസാദിന്റെ വഴങ്ങാത്ത പ്രകൃതവും പരാജയവാദ രാഷ്ട്രീയ ചിന്തയും കാരണം സഖ്യത്തിന് സമ്മതിക്കുകയായിരുന്നു -നിര്‍മല്‍ ഖാത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

 

Latest News