ഇൻഡോർ- 500 രൂപ നൽകിയാൽ ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഇവയുമായി ബന്ധപ്പെടുത്തിയ ബാക്ക് അക്കൗണ്ടുകളുടെ വിവിരങ്ങളും സിവിവി നമ്പർ, ഇ മെയിൽ ഐ.ഡി, ഫോൺ നമ്പർ തുടങ്ങി ഉപഭോക്താവിന്റെ പൂർണ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങാം. ഡാർക് വെബ് എന്നറിയപ്പെടുന്ന ഇന്റർനെറ്റിലെ സെർച് എഞ്ചിനുകളുടെ കണ്ണിൽപോലും പെടാത്ത നിഗൂഢ വെബ്‌സൈറ്റുകളിലാണ് ഈ ഓൺലൈൻ വിൽപ്പന പൊടിപൊടിക്കുന്നതെന്ന് മധ്യപ്രദേശ് പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
പാക്കിസ്ഥാനിലെ ലാഹോർ കേന്ദ്രീകരിച്ച ഒരു പാക് പൗരൻ നേതൃത്വം നൽകുന്ന അന്താരാഷ്ട്ര സംഘമാണ് ഇതിനു പിന്നിലെന്ന് മധ്യപ്രദേശ് പൊലീസ് പറയുന്നു. ഒരു ഇടപാടുകാരനായി അഭിനയിച്ച് പോലീസ് ഇൻഡോറിലെ ഒരു യുവതിയുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിറ്റ്‌കോയിനുകൾ നൽകിയാണ് സംഘത്തിൽ നിന്നും യുവതിയുടെ ബാങ്ക് വിവരങ്ങൾ വാങ്ങിയത്. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ മുംബൈയിൽ നിന്ന് ഈ സംഘവുമായി ബന്ധപ്പെട്ട് ഒരു ഐടി വിദഗ്ധനുൾപ്പെടെ രണ്ടു മലയാളികളെ പോലീസ് പിടികൂടുകയും ചെയ്തു.
തന്റെ ക്രെഡിറ്റ് കാർഡിൽ നിന്നും 72,401 രൂപ നഷ്ടമായെന്ന ബാങ്ക് ഉദ്യോഗസ്ഥൻ ജയ്കിഷൻ ഗുപ്തയുടെ പരാതിയിൽ അന്വേഷണം നടത്തിയ സൈബർ സെല്ലാണ് ഡാർക്ക് വെബിലുള്ള സംഘത്തിന്റെ പ്രവർത്തനം കണ്ടെത്തിയത്. ഗുപ്തയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ മുംബൈയിലെ രാജ്കുമാർ പിള്ള എന്നയാൾ വിമാനടിക്കറ്റുകൾ വാങ്ങാനാണ് ഈ പണം ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് പിള്ളയേയും ഇദ്ദേഹത്തിന്റെ കൂട്ടാളിയായ രാമപ്രസാദ് നാടാർ എന്നയാളേയും വലയിലാക്കുകയായിരുന്നു.
യുഎസ് ഐടി കമ്പനിയായ കോഗ്‌നിസെന്റ് മുൻ ജീവനക്കാരനാണ് രാജ്കുമാർ പിള്ള. രാമപ്രസാദ് നാടാൽ മുൻ എച്.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്നെന്ന് മധ്യപ്രദേശ് പൊലീസ് സൈബർ സെൽ മേധാവി എസ് ജിതേന്ദ്ര സിങ് പറഞ്ഞു.