വാഷിങ്ടണ്‍ ഡി.സി- അമേരിക്കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മൂന്നു ദിവസത്തെ ദേശീയ കണ്‍വെന്‍ഷനു ശേഷം എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്റെ ലീഡില്‍ കുറവ് വന്നെന്ന് സര്‍വേ. അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനപിന്തുണയില്‍ നില മെച്ചപ്പെടുത്തിയെന്ന് മോണിംഗ് കണ്‍സള്‍ട്ട് സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. കണ്‍വെന്‍ഷന് മുമ്പ് ബൈഡന് 10 പോയിന്റ് ലീഡ് ഉണ്ടായിരുന്നത് കണ്‍വെന്‍ഷനുശേഷം 6 പോയിന്റായി കുറഞ്ഞു. നിലവില്‍ ബൈഡന് 50 പോയിന്റും ട്രംപിന് 44 പോയിന്റുമാണ്. റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രകടനമാണ് ട്രംപിനെ തുണച്ചതെന്നാണ് സര്‍വെ ചൂണ്ടിക്കാണിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടേത് തീവ്ര ഇടതുപക്ഷനിലപാടാണെന്നും വംശീയതയുടെ പേരില്‍ കലാപം അഴിച്ചുവിടുകയാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ബൈഡനും ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇടതുപക്ഷത്തിന്റെ വക്താക്കളാണെന്നും ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനോടെ സുപ്രധാന സെനറ്റ് സീറ്റുകളില്‍ ബൈഡന് സബര്‍ബന്‍ വോട്ടര്‍മാരില്‍ ഉണ്ടായിരുന്ന പിന്തുണ 14 പോയിന്റില്‍ നിന്നും 8 പോയിന്റ് ആയി കുറഞ്ഞിട്ടുണ്ട്.