വാഷിംഗ്ടണ്‍- ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി ഇല്ലായ്മ ചെയ്യാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിജ്ഞാബദ്ധമാണെന്ന് യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു.
ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ പ്രസിഡന്റ് ട്രംപ് ശക്തമായ സന്ദേശമാണ് ഉത്തര കൊറിയക്ക് നല്‍കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ ഭീഷണിക്ക് പരിഹാരം കാണാന്‍ അമേരിക്കക്ക് കെല്‍പുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്‍ കരാര്‍ പാലിക്കുന്നുവെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ട്രംപിനെ നിക്കി ഹാലി ന്യായീകരിച്ചു.
അമേരിക്കയും ട്രംപും വിശ്വാസ്യതയില്ലാത്തവരാണെന്ന് വാദിക്കാന്‍ ഉത്തര കൊറിയക്ക് അവസരം നല്‍കുന്നതാണ് ട്രംപിന്റെ നടപടിയെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. മോശം കരാറുകള്‍ക്ക് അമേരിക്ക വില കല്‍പിക്കില്ലെന്ന സന്ദേശമാണ് 2015ല്‍ ഇറാനുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നിലെന്നും അവര്‍ പറഞ്ഞു.
അതിനിടെ, കൊറിയന്‍ ഉപദ്വീപില്‍ രൂപപ്പെട്ട സംഘര്‍ഷം നിര്‍ണായക ഘട്ടത്തിലാണെന്നും അമേരിക്കയുടെ ശത്രുതാനയം ആണവ യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്നും യു.എന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ യോങ് പറഞ്ഞു. യു.എസ് നയങ്ങള്‍ തിരുത്തുന്നതുവരെ ആണവായുധങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യു.എസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ തയാറല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ ഭീഷണി തുടര്‍ന്നാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.