കോഴിക്കോട്- സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള നീക്കം അപലപനീയമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നേർപഥം ഓൺലൈൻ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'വിവാഹം: മാറേണ്ടത് പ്രായമോ, കാഴ്ചപ്പാടോ?' എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ കാണാതെയാണ് സർക്കാർ ഇത്തരം നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന് ഇ.ടി പറഞ്ഞു. രാജ്യത്ത് വർധിച്ചു വരുന്ന സ്ത്രീപീഡനം, സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്ന് ലോക ശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി സ്ത്രീകളുടെ വിവാഹ പ്രായം പ്രശ്‌നമായി കൊണ്ടുവരാൻ ശ്രമിക്കുന്നത്. വസ്തുതാപരമല്ലാത്ത വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹിഡൻ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഗ്രാമീണ സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി സ്ത്രീ സമൂഹത്തോടുള്ള ബാധ്യത നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വാതന്ത്ര്യദിന സന്ദേശത്തിൽ പൗരന്മാർക്ക് ദിശാബോധം നൽകേണ്ട പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു.ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ് മത - സംഘടനാ നേതാക്കൾ, രാഷ്ട്രീയ നേതൃത്വം, വിവിധ സംസ്ഥാന സർക്കാർ എന്നിവരുമായി കൂടിയാലോചിച്ച് പാർലമെന്റിൽ കൊണ്ടുവരേണ്ട പ്രധാനമന്ത്രി ജനാധിപത്യ മര്യാദകളുടെ നടപടിക്രമങ്ങൾ തെറ്റിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പല പ്രഖ്യാപനങ്ങളും ഏകപക്ഷീയമായാണ് അദ്ദേഹം നടത്തുന്നത്. ഇന്ത്യയിലെ ജനജീവിതം പഠിക്കാതെ രാഷട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മുന്നോട്ട് വെക്കുന്ന നിർദേശങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
നിർദോഷമെന്ന് തോന്നിപ്പിക്കുന്ന വിധം അവതരിപ്പിക്കുന്ന വിഷയങ്ങളിലെ ഒളിയജണ്ടകൾ സമൂഹം തിരിച്ചറിയണമെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. ഫാസിസം നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുവരുന്നതിന്റെ രീതിയെ നാം നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഇന്ത്യയിലെ വിവിധ ഗോത്രവർഗങ്ങളെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും സാരമായി ബാധിക്കുന്ന നിർദേശമാണ് വിവാഹപ്രായം സംബന്ധിച്ച് നമ്മുടെ പ്രധാനമന്ത്രി മുന്നോട്ട് വെച്ചതെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിലനിൽക്കുന്ന വിവാഹപ്രായ നിയമം തന്നെ പിന്തുടരുകയാണ് വേണ്ടത്. ആധുനിക ഇന്ത്യയിലെ എല്ലാ നയരൂപീകരണത്തിന് പിറകിലും ന്യൂനപക്ഷ വിദ്വേഷ ഒളിയജണ്ടകൾ പ്രകടമാണ്. വിവാഹപ്രായ വിഷയത്തിലും കാലുഷ്യത്തിന്റെ സന്ദേശങ്ങൾ പ്രകടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകപക്ഷീയമായി നിയമം നടപ്പിലാക്കുന്നത് ശരിയല്ലെന്ന് ഫാദർ പോൾ തേലക്കാട്ട് അഭിപ്രായപ്പെട്ടു. ഈ രീതി ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. വിവാഹ പ്രായം നിശ്ചയിക്കുന്നതിനുള്ള സാമൂഹ്യ മാനദണ്ഡങ്ങൾ പ്രസക്തമാണ്. അത് വിസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വിവാഹ പ്രായം വർധിപ്പിക്കുന്നത് എല്ലാ സമൂഹത്തെയും ഒരുപോലെ ബാധിക്കും. ശൈശവ വിവാഹം പാടില്ലെന്ന് നിയമമുള്ള രാജ്യത്ത് ആ നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. കണ്ണിയൻ മുഹമ്മദ് കുട്ടി മോഡറേറ്ററായിരുന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന. സെക്രട്ടറി ടി.കെ അശ്‌റഫ്, സ്വാദിഖ് മദീനി, മുജാഹിദ് ബാലുശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.