Sorry, you need to enable JavaScript to visit this website.

റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ; പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം- പി.എസ്.സി റാങ്ക്് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാറിനെതിരെ പ്രതിഷേധവുമായി യുവജനസംഘടനകൾ. തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിനെ (28)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കിട്ടാത്തതിൽ കടുത്ത മാനസിക സംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ച് വരികളുള്ള ആത്മഹത്യാ കുറിപ്പ് അനു എഴുതി വച്ചിരുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റിൽ എഴുപത്തിയാറാമതായിരുന്നു അനു. ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരുന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 

രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പോലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല. 

ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് അനുവിന്റെ കുറിപ്പിൽ പറയുന്നു. കുറച്ചു ദിവമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ  മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ സോറി. അനു ആത്മഹത്യാ കുറിപ്പിൽ എഴുതി. 

അനുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സർക്കാരിനെന്ന്  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. പിഎസ്എസി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണിസമരം നടത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരുവനന്തപുരത്ത് ഉദ്യോഗാർഥിയുടെ ആത്മഹത്യ സർക്കാർ അനാസ്ഥയാണെന്ന് ആരോപിച്ച് ആലപ്പുഴയിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ അനുവിന്റെ മരണം ആത്മഹത്യയായി കാണാൻ കഴിയില്ലെന്നും ഈ നാട് ഭരിക്കുന്ന സർക്കാർ അനുവിനെ കൊന്നതാണെന്നും യൂത്ത് ലീഗ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 

പി.എസ്.സിയെ വിമർശിക്കുന്നവർക്ക് ജോലി നൽകില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ജോലിയിൽ നിന്ന് വിലക്കാൻ പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. സി.പി.എമ്മിനെ വിമർശിക്കുന്നവർക്ക് എ.കെ.ജി സെന്ററിൽ ജോലി നൽകില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. പി.എസ്.സിയെ വിമർശിക്കാൻ പാടില്ല എന്ന് പറയാൻ ഇവരാരാണ്? ആ ഉത്തരവിന് പുല്ലു വില പോലും ഞങ്ങൾ കാണുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

, വി.ടി ബൽറാം എംഎൽഎ, കെ.എസ് ശബരിനാഥൻ എംഎൽഎ തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തി.

Latest News