റിയോഡിജനീറോ- ആറുമാസത്തിനിടെ ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1,20,000 ലേറെ പേര്‍. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ആറു മാസം പിന്നിട്ടിട്ടും രാജ്യത്ത് കോവിഡ് വന്‍ ഭീഷണിയായി തുടരുകയാണ്.
21.2 കോടി ജനങ്ങളുള്ള രാജ്യത്ത് നിലവില്‍ 1,20,262 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 38,46,153 അണുബാധയാണ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാമാരി ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 1,82,000 ല്‍ കൂടുതലാണ്.
യൂറോപ്പിലും ഏഷ്യയിലും കോവിഡ് വളരെ വേഗം വ്യാപിച്ച് ശമനം തുടങ്ങിയിട്ടുണ്ടെങ്കിലും ബ്രസീല്‍ രോഗ വ്യാപനം മന്ദഗതിയിലാണ്. എന്നാല്‍ വിനാശകരമായ വേഗതയില്‍ മുന്നേറുകയാണെന്ന് ഫിയോക്രൂസ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകനായ ക്രിസ്‌റ്റോവം ബാര്‍സെല്ലോസ് പറഞ്ഞു. ദിവസം ആയിരത്തോളം പേര്‍ മരിക്കുകയും 40,000 പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും ചെയ്യുന്നു.
ഫെബ്രുവരി 26 നാണ് ബ്രസീലില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് 16 ന് ആദ്യത്തെ മരണം രേഖപ്പെടുത്തി.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്ത് പകര്‍ച്ചവ്യാധി ഉടന്‍ തന്നെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കോവിഡ് ബാധ ഗൗരവമായി കണക്കിലെടുക്കാതെ അതിന്റെ പേരിലുള്ള പ്രചാരണത്തെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ അപലപിക്കുകയായിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നടപടികള്‍ ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍മാരെയും മേയര്‍മാരെയും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തുണ്ടാകുന്ന സാമ്പത്തിക നാശനഷ്ടം രോഗത്തേക്കാള്‍ മോശമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കോവിഡ് 19 നെതിരെ ഫലപ്രദമല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടും
ആരോഗ്യപ്രതിസന്ധിക്ക് പരിഹാരമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്നാണ് പ്രസിഡന്റ് നിര്‍ദേശിച്ചത്. വിവാദ മരുന്ന് ബ്രസീലില്‍ ആയിരക്കണക്കിന് ഇരകളുടെ ജീവന്‍ രക്ഷിച്ചതായും തീവ്ര വലതുപക്ഷ നേതാവായ ജെയര്‍ ബോള്‍സോനാരോ അവകാശപ്പെട്ടു. ജൂലൈയില്‍ തനിക്ക് വൈറസ് ബാധിച്ചപ്പോള്‍ ബോള്‍സോനാരോ 'വലതുപക്ഷ' മരുന്ന് എന്ന് സ്വയം വിളിച്ചിരുന്ന മരുന്ന് ഉപയോഗിക്കുകയും ചെയ്തു.
ബ്രസീല്‍ നേതാക്കളുടെ സമന്വയ നിലപാടിന്റെ അഭാവമാണ് രാജ്യത്ത് കോവിഡ് വ്യാപിക്കാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വിദേശത്ത്‌നിന്ന് മടങ്ങിയ സമ്പന്നരായ യാത്രക്കാരാണ് കൂടുതല്‍ ദുര്‍ബലരായ വിഭാഗങ്ങളിലേക്കും രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളിലേക്കും രോഗം പടര്‍ത്തിയതെന്ന വിമര്‍ശവും ഉയര്‍ന്നു. സാവോ പോളോ, റിയോ ഡി ജനീറോ തുടങ്ങിയ നഗരങ്ങളിലെ ചേരികളിലെ പാവങ്ങള്‍ക്ക് കനത്ത പ്രഹരമാണ് കോവിഡ് ഏല്‍പിച്ചത്.