കാസർകോട്- മഞ്ചേശ്വരം എം. എൽ.എ എം.സി ഖമറുദ്ദീനും ഫാഷൻ ഗോൾഡ് ഡയരക്ടർമാർക്കുമെതിരെ മൂന്ന് വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്ത് ചന്തേര പോലീസ് അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് മേധാവിക്ക്നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.
സ്വർണ്ണക്കടയിലേക്ക് നിക്ഷേപമായി വാങ്ങിയ തുക തിരിച്ചു നൽകിയില്ലെന്ന പരാതിയിലാണ് കേസെന്ന് ചന്തേര പോലീസ് ഇൻസ്‌പെക്ടർ പി.നാരായണൻപറഞ്ഞു.ചെറുവത്തൂർ കാടങ്കോട്ടെ അബ്ദുൽ ഷുക്കൂർ, പയ്യന്നൂർ വെള്ളൂർ സ്വദേശിനികളായ ആരിഫ, സുഹറ എന്നിവരുടെ പരാതികളിലാണ് കേസെടുത്തത്.ആരിഫയും സുഹറയും മൂന്ന് ലക്ഷം രൂപയാണ് സ്വർണ്ണ കടയിലേക്ക് നിക്ഷേപമായി നൽകിയത്. അബ്ദുൾ ഷുക്കൂർ കൂടുതൽ തുക നിക്ഷേപമായി നൽകിയിട്ടുണ്ട്.ചെറുവത്തൂർ കേന്ദ്രമായി പ്രവർത്തിച്ചു വന്നിരുന്ന ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്വർണ്ണ കടയുടെ ചെയർമാനായിരുന്നു ഖമറുദ്ദീൻ. സ്വർണ്ണ കടയുടെ എം.ഡി ആയ ചന്തേരയിലെ പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരും കേസിൽ പ്രതികളാണ്.സ്വർണ്ണ വ്യാപാരം നഷ്ടത്തിലായതിനെ തുടർന്ന് ഒന്നര വർഷം മുമ്പ്ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ കടകൾ അടച്ചു പൂട്ടിയിരുന്നു.
പലർക്കും നിക്ഷേപതുക തിരിച്ചുനൽകിയെങ്കിലും നിരവധി പേർക്ക് പണം കിട്ടാനുണ്ടെന്നാണ് വിവരം.ഇതിനിടയിലാണ് മൂന്ന് പേരുടെ പരാതിയിൽ എം. എൽ.എയ്ക്കും മറ്റുമെതിരെ കേസെടുത്തിരിക്കുന്നത്.