ഗിരിധ്- കോവിഡ്19 നിയന്ത്രണങ്ങള്‍ ലംഘിച്ച ബിജെപി എംപിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്ഷി മഹാരാജിനെ ജാര്‍ഖണ്ഡില്‍ അധികൃതര്‍ പിടികൂടി 14 ദിവസ നിര്‍ബന്ധിത ക്വാരന്റീനിലാക്കി. ഉത്തര്‍ പ്രദേശുകാരായ എംപി യുപിയിലെ ഉന്നാവോയില്‍ നിന്ന് ധന്‍ബാദ് വഴിയാണ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഗിരിധില്‍ എത്തിയത്. ധന്‍ബാദിലേക്ക് റോഡു മാര്‍ഗം പോയി അവിടെ നിന്ന് ദല്‍ഹിയിലേക്ക് ട്രെയ്‌നില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ട് മടങ്ങുന്നതിനിടെ ജില്ലാ അധികാരികള്‍ പിര്‍താണ്ഡ് പോലീസ് സ്റ്റേഷനു സമീപത്തു തടയുകയായിരുന്നു. അദ്ദേഹത്തെ 14 ദിവസ നിര്‍ബന്ധിത ക്വാരന്റീനില്‍ കഴിയാനായി ശാന്തി ഭവന്‍ ആശ്രമത്തിലേക്കു മാറ്റി.
സംസ്ഥാനത്തിനു പുറത്തു നിന്നത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസ ക്വാരന്റീന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. ഇളവ് വേണമെങ്കില്‍ അദ്ദേഹത്തിന് അപേക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെ യുപിയില്‍ നിന്ന് നേതാവ് വരുന്നതായി വിവരം ലഭിച്ച ജില്ലാ ഭരണകൂടം അതിര്‍ത്തികള്‍ അടച്ച് പരിശോധന കര്‍ശനമാക്കിയിരുന്നു.