> വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 30 വരെ അടഞ്ഞു തന്നെ
ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കിയ ലോക്ഡൗണിന് നാലാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ സെപ്തംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കായിക, വിനോദ, രാഷ്ട്രീയ പരിപാടികള്‍, മത ചടങ്ങുകള്‍ തുടങ്ങിയ പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ആക്കി. മെട്രോ സര്‍വീസുകള്‍ സെപ്തംബര്‍ ഏഴു മുതല്‍ ഘട്ടംഘട്ടമായി ആരംഭിക്കും. അതേസമയം സ്‌കൂള്‍, കോളെജ് അടക്കമുള്ള വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി ഇല്ല. സിനിമാ തിയെറ്റര്‍, സ്വിമിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍, തീയറ്ററുകള്‍, സമാന സ്ഥലങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെപ്തംബര്‍ 30 വരെ കര്‍ശനമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓപണ്‍ എയര്‍ തിയറ്റുകള്‍ക്കും സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. രാജ്യാന്തര വിമാന യാത്രകള്‍ക്കുള്ള വിലക്കും നീട്ടി.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കു പുറത്ത് പ്രാദേശികമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് കേന്ദ്രവുമായി കൂടിയാലോചിച്ചു മാത്രമെ തീരുമാനമെടുക്കാവൂ എന്നും നിര്‍ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതിനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കാണ്. ഇതും ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യങ്ങള്‍ക്കു മാത്രമെ ഇളവുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.