ന്യൂദല്‍ഹി- ഇന്ത്യയില്‍ വിദ്വേഷ പ്രചരണം തടയാന്‍ ഫേസ്ബുക്ക് എന്തെല്ലാമാണ് ചെയ്യുന്നതെന്നും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കണമെന്ന് വീണ്ടും കോണ്‍ഗ്രസ്. ഈ ആവശ്യം വീണ്ടും ഫേസ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് കത്തെഴുതി. 15 ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് കത്ത്. സക്കര്‍ബര്‍ഗിന്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വാട്‌സാപ്പ് വഴി വിദ്വേഷ പ്രചരണത്തിന് മനപ്പൂര്‍വം മൗനാനുവാദം നല്‍കിയിരിക്കുകയാണെന്നും കമ്പനി ഇന്ത്യയുടെ സാമുഹിക സൗഹൃദാന്തരീക്ഷത്തെ തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയില്‍ 40 കോടിയോളം ജനങ്ങള്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ് പരോക്ഷമായി ബിജെപിയുടെ നിയന്ത്രണത്തിലാണെന്ന ടൈം മാഗസിന്‍ ലേഖനത്തെ തുടര്‍ന്നാണ് കത്ത്. ഇതു ഫേസ്ബുക്ക് മേധാവി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. നേരത്തെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ കോണ്‍ഗ്രസ് കത്തെഴുതിയിരുന്നു. ഇപ്പോള്‍ വാട്‌സാപ്പിന്റെ രഹസ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് രാജ്യാന്തര മാധ്യമം വഴി പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്. ഇതാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടാമത്തെ കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.
വാട്‌സാപ്പ് ഇന്ത്യയില്‍ പേമെന്റ് സംവിധാനം ആരംഭിക്കാനിരിക്കുകയാണ്. ഇതിനു കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് വേണം. ഇതു ലഭിക്കാനായി ബിജെപിക്ക് വാട്‌സാപ്പിന്റെ നിയന്ത്രണം നല്‍കിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കമ്പനിയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാത്രമല്ല മുന്‍വിധിയോടെയും ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായും പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നം പ്രതീക്ഷിച്ചതിനേക്കാള്‍ വലുതും ആഴമേറിയതുമാണെന്നും കോണ്‍ഗ്രസ് പറയുന്നു.