ശ്രീനഗര്‍- ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ പാക് അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി രക്ഷാ സേന. ഇന്ത്യയുടെ അതിര്‍ത്തിയിലെ സുരക്ഷാ വേലിയുടെ 50 മീറ്ററോളം അടുത്തെത്തിയ തുരങ്കം ബിഎസ്എഫ് പട്രോള്‍ സംഘമാണ് കണ്ടെത്തിയത്. ഇതിനകത്ത് നടത്തിയ പരിശോധനയില്‍ പാക്കിസ്ഥാന്‍ മുദ്രകളുള്ള പ്ലാസ്റ്റിക് മണല്‍ ചാക്കുകള്‍ ലഭിച്ചു. ഈ മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മണ്ണ് കുഴിഞ്ഞു പോയിരുന്നു. ഇതില്‍ സംശയം തോന്നിയാണ് സേന പരിശോധന നടത്തിയത്. ഉറപ്പില്ലാത്ത മണ്ണായതിനാല്‍ തുരങ്കം ഇടിഞ്ഞു താഴ്ന്നതായിരുന്നു ഇത്. മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണ്ണു നീക്കിയപ്പോഴാണ് തുരങ്കം ശ്രദ്ധിയപ്പെട്ടത്. 25 അടിയോളം താഴ്ചയിലാണ് തുരങ്കം. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബിഎസ്എഫിന്റെ ഒരു ബോര്‍ഡര്‍ പോസ്റ്റിനടുത്താണ് അറ്റം കണ്ടത്. അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ തുരങ്ക പരിശോധന സ്ഥിരമായി നടക്കുന്നതാണ്. മഴക്കാലത്ത് ഇത് കൂടുതല്‍ ഊര്‍ജിതപ്പെടുത്താറുണ്ടെന്നും ബിഎസ്എപ് ഉദ്യോഗസ്ഥര്‍ പറയുന്നു. തുരങ്കത്തിന് ഏറ്റവുമടുത്ത പാക്കിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റ് 700 മീറ്റര്‍ അകലെയാണ്. മേഖലയില്‍ ബിഎസ്ഫ് തീവ്രമായ തുരങ്ക പരിശോധന ആരംഭിച്ചിട്ടുണ്ട്.