ന്യൂദല്‍ഹി- ബിജെപി നേതാക്കളുടേയും അനുകൂലികളുടേയും സാമൂഹ മാധ്യമങ്ങളിലെ വിദ്വേഷ, വര്‍ഗീയ പ്രചരണങ്ങളോട് ഫേസ്ബുക്ക് സ്വീകരിക്കുന്ന മൃദുസമീപനം തുറന്നുകാട്ടി ടൈം മാഗസിനില്‍ ലേഖനം. വാട്‌സാപ്പ് വഴി ബിജെപിക്കാരുടെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കമ്പനി മൗനസമ്മതം നല്‍കുകയാണെന്ന ഗുരുതര വിമര്‍ശനമാണ് ലേഖനം ഉന്നയിക്കുന്നത്. വിദ്വേഷ പ്രചരണത്തിനെതിരായ ഫേസ്ബുക്കിന്റെ പോരാട്ടം ഇന്ത്യയിലെ ഭരണകക്ഷിയുമായുള്ള ബന്ധം കാരണം സങ്കീര്‍ണമായിരിക്കുകയാണെന്ന തലക്കെട്ടോടെയാണ് രണ്ടു ദിവസം മുമ്പ് ടൈം മാഗസിന്‍ വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. വിദ്വേഷ പ്രചരണം തടയുന്നതിനും അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും ഫേസ്ബുക്കിന് വ്യക്തമായ നയവും നടപടിക്രമങ്ങളും ഉണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചു കൊണ്ടാണ് കമ്പനി തന്നെ ബിജെപി നേതാക്കളുടേയും അനുയായികളുടേയും വിദ്വേഷ പോസ്റ്റുകളെ വെറുതെ വിട്ടിരിക്കുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇതു ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചു. 'വാട്‌സാപ്പും ബിജെപിയും തമ്മിലുള്ള ബന്ധം അമേരിക്കന്‍ പത്രമായ ടൈം തുറന്നുകാട്ടിയിരിക്കുന്നു. 40 കോടി ഇന്ത്യക്കാര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്‌സാപ്പ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം കൂടി അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിന് അവര്‍ക്ക് മോഡി സര്‍ക്കാരിന്റെ അനുമതി വേണം. അങ്ങനെ വാട്‌സാപ്പിനു മേല്‍ ബിജെപി പിടിമുറുക്കിയിരിക്കുന്നത്'- രാഹുല്‍ ഗാന്ധി ആരോപിച്ചു.
കമ്പനിയുടെ വിദ്വേഷ പ്രചരണ വിരുദ്ധ ചട്ടം ലംഘിക്കുന്ന ബിജെപി നേതാവിന്റെ ഒരു പോസ്റ്റിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനിടെ കമ്പനി ജീവനക്കാരുടെ യോഗത്തില്‍ നിന്ന് വാട്‌സാപ്പ് പബ്ലിക് പോളിസി ഡയറക്ടര്‍ ശിവ്‌നാഥ് തുക്രല്‍ ഇറങ്ങിപ്പോയ സംഭവം ടൈം ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഭരണക്ഷി രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ജീവനക്കാരുടെ പശ്ചാത്തലവും സര്‍ക്കാരിനെ പിണക്കാതെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവരുടെ ജോലിയും കമ്പനിയുടെ വിദ്വേഷ വിരുദ്ധ നയം നടപ്പിലാക്കുന്ന കാര്യത്തില്‍ വിഘാതമാകുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്കില്‍ ബിജെപി നേതാവിന്റെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യാതിരിക്കാന്‍ ഫേസ്ബുക്ക് ഇന്ത്യാ പബ്ലിക് പോളിസി ഡയറക്ടര്‍ അംഘി ദാസ് ഇടപെട്ടെന്ന വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ഉണ്ടാക്കിയ കോളിളക്കം അവസാനിക്കുന്നതിനു മുമ്പാണ് ടൈം മാഗസിന്‍ വാട്‌സാപ്പ്-ബിജെപി ബന്ധം തുറന്നു കാട്ടിയിരിക്കുന്നത്.