Sorry, you need to enable JavaScript to visit this website.

ചിന്തകളെ നിയന്ത്രിച്ച് വിജയത്തിലേക്ക് കുതിക്കാം 

യു ആർ വാട്ട് യു തിങ്ക് (നിങ്ങൾ എന്താണ് ചിന്തിക്കുന്നത് അതാണ് നിങ്ങൾ). അതിനാൽ ചിന്തകളെ മിനുക്കിയും ഒതുക്കിയുമാണ് വിജയത്തിലേക്കുള്ള യാത്രക്ക് നാം തയ്യാറാവേണ്ടത്. ക്രിയാത്മക ആശയങ്ങളും ചിന്തകളും ധന്യമാകുന്ന സന്ദർഭങ്ങളിലാണ് നൂതനമായ പ്രവൃത്തികൾ സംഭവിക്കുക. പലപ്പോഴും നല്ല തീരുമാനങ്ങളുണ്ടാകുന്നത് അനുഭവങ്ങളിൽ നിന്നാണ്. അനുഭവങ്ങളാകട്ടെ തെറ്റായ തീരുമാനങ്ങളിൽ നിന്നും. അതിനാൽ ജീവിതത്തിൽ നിരാശപ്പെടാതിരിക്കുക. അബദ്ധങ്ങളിൽ നിന്നും പാഠമുൾകൊണ്ട് സുബന്ധങ്ങളിലേക്ക് നീങ്ങുകയാണ് വേണ്ടത്.
ചിന്തകളെ നിയന്ത്രിക്കുക അത്ര ലളിതമല്ല. നാം അതിന് ശ്രമിച്ചാലും അവ നമുക്ക് പിടി തരണമെന്നില്ല. ആ നിയന്ത്രണം തന്നെ ചിലപ്പോൾ വലിയ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കാം. എങ്ങിനെ ചിന്തിക്കണം എന്നു പഠിച്ച് ചിന്തിക്കുന്നതും എളുപ്പമല്ല. പലപ്പോഴും കൂട്ടിലകപ്പെട്ട മൃഗത്തെപ്പോലെ ചിന്തകൾ വന്യമായി, അസ്വസ്ഥമായി വട്ടംകറങ്ങുമ്പോൾ വിഷയങ്ങൾ സങ്കീർണമാകും.ചിന്തകളെ നിയന്ത്രിക്കുന്നതിന് സഹായകമായി എന്റെ പഠനത്തിൽ നിന്നും മനസിലായ 12 ആർ ഫോർമുലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യത്തെ ആർ റിയാലിറ്റി (യാഥാർത്ഥ്യം)യെ സൂചിപ്പിക്കുന്നു. യാഥാർഥ്യം അംഗീകരിക്കുക എന്നതാണ് ആദ്യം നാം ചെയ്യേണ്ടത്. കാര്യ കാരണസഹിതം സ്ഥിതിഗതികൾ മനസിനെ ബോധ്യപ്പെടുത്തുക എന്നതാണ് റിയാലിറ്റി. യാഥാർഥ്യ ബോധത്തോടെ ജീവിതത്തെ നോക്കി കാണുകയും വിലയിരുത്തുകും ചെയ്യുന്നതിലൂടെ ചിന്തയിലും പ്രവർത്തിയിലും സംഭവിക്കുന്ന മാറ്റങ്ങൾ വിജയത്തിലേക്കാണ് നയിക്കുക.


രണ്ടാമത്തെ ആർ റീ ഡയരക്ഷൻ ( തിരിച്ചുവിടുക) എന്നതിനെ സൂചിപ്പിക്കുന്നു. ആവശ്യമില്ലാത്ത ചിന്തകളും ആശയങ്ങളും തിരിച്ചുവിടുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാരണമായി നമ്മെ ആശയക്കുഴപ്പത്തിലാക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ ചിന്തകളെയും ആശയങ്ങളേയും തിരിച്ചു വിട്ട് മനസിനെ ശാന്തമാക്കുകയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്ത് ക്രിയാത്മക പ്രവർത്തനവും വിജയകരമായി നടത്തണമെങ്കിൽ മനസ് ശാന്തമാകണം. അസ്വസ്ഥമായ മനസിൽ രചനാത്മകമായ ചിന്തകളുടെ പ്രയോഗവൽക്കരണം സാധ്യമാവുകയില്ല.
നിഷേധാത്മകമായ ചിന്തകൾ നമ്മെ വേട്ടയാടിത്തുടങ്ങുമ്പോൾ മെല്ലെ നമുക്കുള്ള പോസിറ്റീവ് ആയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. മോശമായ കാലഘട്ടമാണെങ്കിലും ചുറ്റും ഇരുട്ടാണ് എന്ന് നമുക്ക് തോന്നുമെങ്കിലും വെളിച്ചം പകരുന്ന ചില കാര്യങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അതിലേക്കു ശ്രദ്ധ കൊണ്ടുവരാൻ നാം തുനിയണം. ഇതിന് ബോധപൂർവ്വമായ ശ്രമം തന്നെ നടത്താം. യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞതോടുകൂടി മനസും അതിനായി സജ്ജമായിക്കഴിഞ്ഞു. ഇനി ചിന്തകളെ ഒന്ന് ദിശമാറ്റി വിടേണ്ട ആവശ്യമേയുള്ളൂ.


നമ്മെ മുന്നോട്ടു നയിക്കുന്ന വഴികൾ തിരിച്ചറിയുകയും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. നിഷേധാത്മക ചിന്തകൾ നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നശിപ്പിക്കും. അതേസമയം കനത്ത ഇരുട്ടിലും മിന്നാമിനുങ്ങുകളെ കണ്ടെത്താൻ കഴിഞ്ഞാൽ മനസ് ആഹഌദഭരിതമാകും. ആ മിന്നാമിനുങ്ങുകൾക്ക് പിന്നാലെ അത് യാത്ര തുടങ്ങും. അതുമതി നമ്മുടെ ജീവിതത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുവാൻ. ചിന്തകളെ വ്യതിചലിപ്പിക്കുക നമുക്കുള്ള അനുഗ്രഹങ്ങളിലേക്ക് മനസർപ്പിക്കുക.


മൂന്നാമത്തെ ആർ റിവൈവൽ അഥവാ പുനരുജ്ജീവനമാണ്. ഈ ആർ റീജുവനേഷൻ അഥവാ നവചൈതന്യമാർജിക്കുക, റീവാംപ് അഥവാ നവീകരിക്കുക എന്നും അറിയപ്പെടാറുണ്ട്.
ഈ പ്രക്രിയ ഏറ്റവും പ്രാധാന്യമർഹിക്കുന്നു. ആദ്യത്തെ രണ്ട് മാർഗ്ഗങ്ങളിലൂടെ നാം മനസിനെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുവാനും നമുക്കുള്ള ശക്തികളിലേക്കും അനുഗ്രഹങ്ങളിലേക്കും ശ്രദ്ധ നൽകുവാനും പരിശീലിപ്പിച്ചു. ഇനി വേണ്ടത് ഈ സന്ദർഭത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ എന്ത് ചെയ്യണം? എന്നതിന് ഉത്തരം കണ്ടെത്തുകയാണ്.
മുടങ്ങിക്കിടന്ന നമ്മുടെ പ്രവർത്തനങ്ങളെ പൂർവ്വാധികം ശക്തിയായി പുനരുജ്ജീവിപ്പിക്കുവാൻ സാധിക്കണം. പുതിയതായി എന്തെങ്കിലും പ്രവർത്തിയിലേക്ക് തിരിയണോ എന്നതും നമുക്ക് ഈ സന്ദർഭത്തിൽ പരിഗണിക്കാം. ചിന്തകളുടെ കാടുകയറ്റത്തിൽ നിന്നും നാം സ്വതന്ത്രരായിരിക്കുന്നു. ഇനി വേണ്ടത് ജീവിതം തിരികെപ്പിടിക്കുവാനുള്ള പ്രവൃത്തികളാണ്. അതിനുള്ള ഊർജ്ജം സംഭരിക്കുക. തോൽവികളെ ഭയപ്പെടാതിരിക്കുക. പോരാടുക എന്നതാണ് പ്രധാനം. പോരാടുന്നവർക്കുമുന്നിൽ വിജയകവാടങ്ങൾ മലർക്കെ തുറക്കപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
നാലാമത്തെ ആർ റസ്‌പോൺസ് ( പ്രതികരണം) എന്നതിനെ സൂചിപ്പിക്കുന്നു. ഓരോ സംഭവത്തോടുമുള്ള നമ്മുടെ പ്രതികരണമാണ് വിജയം നിശ്ചയിക്കുന്നത്. ഈയിടെ സോഷ്യൽ മീഡിയയിൽ വായിച്ച ഒരു സംഭവം ഇവിടെ പങ്കുവെക്കാം. ഒരിക്കൽ ജോൺ ഒരു ടാക്‌സിയിൽ സഞ്ചരിക്കുകയായിരുന്നു. ശാന്തനും പക്വതയുള്ളവനുമായ ഡ്രൈവർ വളരെ ശ്രദ്ധാപൂർവ്വമാണ് ടാക്‌സി ഓടിച്ചിരുന്നത്.


പെട്ടെന്ന് ഒരിടവഴിയിൽ നിന്നും വേഗത്തിൽ ഒരു കാർ ടാക്‌സിയുടെ മുന്നിലേക്ക് ഓടിക്കയറി. ടാക്‌സി ഡ്രൈവർ സഡൺ ബ്രേക്കിട്ടു. മറ്റേ കാറിൽ മുട്ടി മുട്ടിയില്ല എന്ന രൂപത്തിൽ ടാക്‌സി നിന്നു.
മറ്റേ കാറിന്റെ ഡ്രൈവർ ടാക്‌സിയുടെ ഡ്രൈവറെ ചീത്ത വിളിക്കാൻ തുടങ്ങി. ഈ ചീത്തവിളി കേട്ടിട്ടും ടാക്‌സി ്രൈഡവർ തിരിച്ചൊന്നും പറയാതെ ശാന്തനായി അക്ഷോഭ്യനായി ഇരുന്നു. കുറച്ചു സമയം ചീത്തവിളിച്ചതിനുശേഷം അയാൾ കാറുമെടുത്ത് പോയി.


ജോൺ അത്ഭുതപ്പെട്ടു. ഇത്രമാത്രം ചീത്തവിളി കിട്ടിയിട്ടും എന്തുകൊണ്ട് ടാക്‌സി ഡ്രൈവർ പ്രതികരിച്ചില്ല. ജോൺ ടാക്‌സിഡ്രൈവറോട് ഈ സംശയം ചോദിച്ചു. ടാക്‌സി ്രൈഡവർ ഒരു ചിരിയോടെ പറഞ്ഞു മാലിന്യം നിറയ്ക്കുന്ന വണ്ടികൾ കണ്ടിട്ടില്ലേ. മാലിന്യം നിറഞ്ഞുകഴിഞ്ഞാൽ അത് പുറത്തേക്കു വീഴും. ചില മനുഷ്യരും ഈ മാലിന്യലോറികളെപ്പോലെയാണ്. അസൂയ, ദേഷ്യം, കുശുമ്പ് എന്നീ മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്ന ആളുകൾ. അത് ചിലപ്പോൾ പുറത്തേക്ക് വീഴും. ഇപ്പോൾ സംഭവിച്ചതും ഇത് തന്നെയാണ്. അയാളിൽ നിറഞ്ഞിരുന്ന മാലിന്യങ്ങളാണ് പുറത്തേക്ക് വീണത്. നമ്മളും അതുപോലെ പ്രതികരിച്ചാൽ ഇതേ മാലിന്യലോറികൾ തന്നെയാവും നാമും. വഴിയിൽ കുരക്കുന്ന പട്ടികളെ മുഴുവൻ കല്ലെറിഞ്ഞ് ഓടിക്കാൻ നിന്നാൽ നാം നമ്മുടെ ലക്ഷ്യത്തിലെത്തില്ലെന്ന വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകൾ ഇവിടെ നമുക്ക് മാതൃകയാണ്.


റസ്‌പോൺസിബിലിറ്റി അഥവാ ഉത്തരവാദിത്തബോധമാണ് അഞ്ചാമത്തെ ആർ പ്രതിനിധാനം ചെയ്യുന്നത്. ഏതൊരു വിഷയത്തിലും ഉത്തരവാദിത്തബോധം ഉണ്ടാകുമ്പോൾ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാകും. നിരുത്തരവാദപരമായ സമീപനങ്ങളും പെരുമാറ്റങ്ങളും പലപ്പോഴും നമ്മെ വിജയപാതയിൽ നിന്നും പിന്തിരിപ്പിക്കുന്നത്. 
പലപ്പോഴും ജീവിതത്തിൽ പ്രശ്‌നമുണ്ടാകുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് നാം ചിന്തിക്കാതെ പ്രവർത്തിക്കുന്നു. രണ്ട് പ്രവർത്തിക്കാതെ ചിന്തിച്ചിരിക്കുന്നു. ഇത് രണ്ടും അപകടമാണ്. ചിന്തയും പ്രവൃത്തിയും സമന്വയിച്ച് പോകുന്നിടത്താണ് വിജയമുണ്ടാകുകയെന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകൾ എന്നും പ്രസക്തമാണ്.


ആറാമത്തെ ആർ റിമൂവ് അഥവാ നീക്കൽ ചെയ്യൽ ആണ്. നമുക്കാവശ്യമില്ലാത്ത ചിന്തകളും ശീലങ്ങളും നീക്കം ചെയ്യുന്നതിലൂടെ മനസിനെ ശുദ്ധീകരിക്കുകയാണ് ഇത് കൊണ്ട് അർഥമാക്കുന്നത്. കുറേ വേണ്ടാത്ത ചിന്തകളും പരാതികളും പരിഭവങ്ങളുമാണ് പലപ്പോഴും നമ്മുടെ ക്രിയാത്മക ചിന്തകൾക്ക് തടസ്സം നിൽക്കുന്നത്. അവയെ ഒഴിവാക്കുന്നതിലൂടെ മനസ് മോചിതമാകും.
ഏഴാമത്തെ ആർ റീഡിംഗ് അഥവാ വായനയെ സൂചിപ്പിക്കുന്നു. സാർഥകമായ വായനയാണ് ചിന്തയുടെ ഇന്ധനം. നല്ല വായനയിലൂടെ ചിന്തയെ സ്വാധീനിക്കാനും മാറ്റിയെടുക്കാനും എളുപ്പമാകും.
എട്ടാമത്തെ ആർ റഫ്യൂസ് അഥവാ തിരസ്‌ക്കരിക്കലാണ്. നമ്മുടെ സംസ്‌കാരത്തിനും മൂല്യ ബോധത്തിനും യോജിക്കാത്ത കാര്യങ്ങളെ തിരസ്‌ക്കരിക്കുകയും വേണ്ട എന്ന് പറയേണ്ടിടത്ത് തന്റേടത്തോടെ വേണ്ട എന്ന് പറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ചിന്ത സ്വതന്ത്രമാകുന്നത്.  ചിലർ ഇതിനെ റിജക്ട് എന്നാണ് എണ്ണാറുള്ളത്.
ഒമ്പതാമത്തെ ആർ റിഫഌക്ഷൻ അഥവാ പുനർവിചിന്തനമാണ്. എന്ത് കാര്യം ചെയ്യുമ്പോഴും പുനർവിചിന്തനം നടത്തുന്നത് തെറ്റായ തീരുമാനങ്ങളിൽ നി്ന്നും രക്ഷിക്കുവാനും ശരിയായ മാർഗത്തിലേക്ക് എത്തിക്കുവാനും സഹായകമാകും.


പത്താമത്തെ ആർ റിസർച്ച് അഥവാ ഗവേഷണമാണ്. ഗവേഷണ പഠനങ്ങൾ നമ്മുടെ ചിന്തയെ മാറ്റിമറിക്കുവാൻ സഹായകമാകുമെന്ന് പറയേണ്ടതില്ലല്ലോ. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളും പാഠങ്ങളും വിശകലനവിധേയമാക്കി നടത്തുന്ന ഗവേഷണങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കുവാനാണ് സഹായിക്കുക.
പതിനൊന്നാമത്തെ ആർ റിലാക്‌സേഷൻ അഥവാ വിശ്രാന്തി. താൽക്കാലികമായ ആശ്വാസവും വിശ്രമവും നൽകി മനസിനെ കൂടുതൽ ശക്തമാക്കുക ചിന്തകളെ സ്വാധീനിക്കുകയും ചെയ്യുക. റിലാക്‌സേഷന് പല ടെക്‌നിക്കുകളും പ്രയോഗിക്കാറുണ്ട്. കളികളും ഗെയിമുകളും മെഡിറ്റേഷനും യോഗയുമൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്.
അവസാനത്തെ ആർ റിക്രിയേഷൻ അഥവാ വിനോദമാണ്. വിജ്ഞാനവും വിനോദവും കോർത്തിണക്കുന്ന ജീവിതം മനോഹരമാകും. ജീവിതത്തിൽ വിനോദങ്ങൾക്കും വലിയ പങ്കുണ്ടെന്ന കാര്യം പലരും ഓർക്കാറില്ല. മനസിന്റെ ശക്തിയും ശ്രദ്ധയും വർദ്ധിപ്പിക്കുന്നതിലൂടെ വിനോദ പരിപാടികൾ മനുഷ്യരെ കൂടുതൽ കർമോൽസുകരും ഊർജസ്വലരുമാക്കും. ഈ ഔൽസുക്യവും സജീവതയും വിജയപാത അനായാസമാക്കാനുള്ള പരിസരമൊരുക്കും.


ഒരു കാലവും ഒരു പാട് കാലത്തേക്കില്ല. ദുഃഖമായാലും സന്തോഷമായാലും. എല്ലാറ്റിനേയും തന്റേടത്തോടെ അഭിമുഖീകരിക്കണം. ചിലതിനെ അതിജീവിക്കണം. മറ്റു ചിലതുമായി പൊരുത്തപ്പെടണം. 
ഇരുമ്പിനെ ആർക്കും നശിപ്പിക്കാനാവില്ല. അതിന്റെ തന്നെ തുരുമ്പിനല്ലാതെ. അതുപോലെ ആർക്കും ഒരാളെയും നശിപ്പിക്കാനാവില്ല. സ്വന്തം മനസ്സിനല്ലാതെ. നിങ്ങളുടേയും നിങ്ങളുടെ വലിയ സ്വപ്‌നങ്ങളുടേയും ഇടയിലുള്ള ദൂരം നിശ്ചയിക്കുന്നത് നിങ്ങളുടെ ഇച്ഛാശക്തി ഒന്നുമാത്രമാണ്.
മുന്തിരികൾ ഞെക്കിപ്പിഴിയാതെ നല്ല വൈനുണ്ടാക്കാനാവില്ല. പൂക്കളെ ഞെരുക്കാതെ സുഗന്ധവും. അതിനാൽ ജീവിതത്തിൽ സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ ഭയചകിതരാവാതിരിക്കുക. കാരണം അത് നിങ്ങളിലെ ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരുന്നതിനുള്ള പരിശ്രമത്തിലാണ് എന്ന് മനസിലാക്കുക.


സംഘർഷമില്ലാതെ വജ്രം മിനുക്കാനാവില്ല. തീയില്ലാതെ സ്വർണം ശുദ്ധീകരിക്കാൻ കഴിയില്ല. നല്ല ആളുകൾ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു, പക്ഷേ കഷ്ടപ്പെടരുത്. ആ അനുഭവത്തിലൂടെ അവരുടെ ജീവിതം കയ്‌പേറിയതാവുകയല്ല ചെയ്യുന്നത്, മറിച്ച് ഏറ്റവും മികച്ചതാവുകയാണ്. നിങ്ങൾ ജീവിക്കുന്നു എന്നതിന്റെ അടയാളമാണ് വേദന. നിങ്ങൾ ശക്തനാണ് എന്നതിന്റെ അടയാളമാണ് പ്രശ്‌നങ്ങൾ. നിങ്ങൾ ഒറ്റക്കല്ല എന്നതിന്റെ അടയാളമാണ് പ്രാർഥന. വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി. നിങ്ങളുടെ പ്രശ്‌നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ സ്വയം അടിയറവ് പറയില്ലെന്ന് തീരുമാനിച്ചാൽ അതാണ് ശക്തി. ആ ശക്തിയാണ് നിങ്ങളെ വിജയത്തിലേക്കെത്തുവാൻ സഹായിക്കുന്നത്.

Latest News