Sorry, you need to enable JavaScript to visit this website.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക; പുതിയ നീക്കവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്

ന്യൂദല്‍ഹി- ലേക്‌സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെന്ന സംഘപരിവാര്‍ അജണ്ടയുടെ ചുവട് പിടിച്ച് രാജ്യത്തൊട്ടാകെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് നീക്കങ്ങളാരംഭിച്ചു. പഞ്ചായത്ത്, നഗരസഭ എന്നിവ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി ഓഗസ്റ്റ് 13ന് പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം ചേര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കാബിനെറ്റ് സെക്രട്ടറി രാജീവ് ചൗബ, ലെജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തി രാജ് സെക്രട്ടറി സുനില്‍ കുമാര്‍, തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്ന് സെക്രട്ടറി ജനറല്‍ ഉമേശ് സിന്‍ഹ ഉള്‍പ്പെടെ മുന്ന് പ്രതിനിധികള്‍ എന്നിവരാണ് ഈ യോഗത്തില്‍ പങ്കെടുത്തതെന്നും റിപോര്‍ട്ടിലുണ്ട്. 

ഒറ്റ വോട്ടര്‍ പട്ടിക ഏര്‍പ്പെടുത്താനായി യോഗത്തില്‍, ഭരണഘടനാ ഭേതഗതി ചെയ്യുക, സംസ്ഥാനങ്ങളെ നിയമഭേഗതിക്ക് പ്രേരിപ്പിക്കുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 243 കെ, 243 ഇസഡ്എ എന്നിവ ഭേദഗതി ചെയ്താല്‍ രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോര്‍ട്ടര്‍ പട്ടിക നിര്‍ബന്ധമാക്കാം. രണ്ടാമത്തേത് സംസ്ഥാനങ്ങളെ ഇതുമായി ബന്ധപ്പെട്ട പ്രാദേശിക നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. നിയമഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിനും ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുക എന്നീ മാര്‍ഗങ്ങളാണ് ചര്‍ച്ചയായത്. ഇക്കാര്യം സംസ്ഥാനങ്ങളെ അറിയിച്ച് ഒരു മാസത്തിനകം മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാബിനെറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

നിലവില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള വോട്ടര്‍ പട്ടിക തയാറാക്കുന്ന നടപടികള്‍ നിയന്ത്രിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും തെരഞ്ഞെടുപ്പു കമ്മീഷനാണ്. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 324(1) ആണ് കമ്മീഷന് ഈ അധികാരം നല്‍കുന്നത്. ഇതു പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകള്‍ക്ക് അതതിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക തയാറാക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ ബന്ധപ്പെടേണ്ടതില്ല. അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും ഏതാനും സംസ്ഥാനങ്ങള്‍ ഉപയോഗിച്ചു വരുന്നുമുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, അസം, മധ്യ പ്രദേശ്, കേരളം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം വോട്ടര്‍ പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. 
 

Latest News