ദക്ഷിണാഫ്രിക്കന്‍ മൃഗസംരക്ഷനെ വളര്‍ത്തു സിംഹങ്ങള്‍ വകവരുത്തി

കേപ്ടൗണ്‍- പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ മൃഗസംരക്ഷന്‍ വെസ്റ്റ് മാത്യൂസണ്‍ രണ്ടു വളര്‍ത്തു സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിംഹങ്ങളുമായി പതിവു പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് വര്‍ഷങ്ങളുടെ സൗഹൃദം ഉപേക്ഷിച്ച് രണ്ടു വെള്ള സിംഹങ്ങള്‍ മാത്യൂസണിനുമേല്‍ ചാടിവീണത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവമെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഞ്ഞുങ്ങളായിരിക്കെ മാത്യൂസണ്‍ സംരക്ഷണം നല്‍കി എടുത്തു വളര്‍ത്തിയ സിംഹങ്ങളാണ് ഇവ. ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിലെ ലയണ് ട്രീ ടോപ് ലോഡ്ജ് എന്ന മാത്യൂസണിന്റെ സഫാരി ലോഡ്ജിലാണ് സംഭവം. സിംഹങ്ങള്‍ പരസ്പരം ശണ്ഠകൂടുന്നതിനിടെ ശ്രദ്ധ മാത്യൂസണിലേക്ക് തിരിയുകയും അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് അദ്ദേഹത്തിന്റെ മരുമകള്‍ തെഹ്രി ഫെര്‍ഗൂസണ്‍ പറഞ്ഞു. മാത്യൂസണ്‍ സിംഹങ്ങള്‍ക്കൊപ്പം നടക്കുമ്പോല്‍ പിറകില്‍ കാറില്‍ പിന്തുടര്‍ന്നിരുന്ന ഭാര്യ സിംഹങ്ങളുടെ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും റിപോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രണ്ടു സിംഹങ്ങളേയും മയക്കുവെടിവെച്ച് വീഴ്ത്തി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

2017ല്‍ ഈ സിംഹങ്ങള്‍ ലയണ്‍ ട്രീ ടോപ് ലോഡ്ജിലെ സംരക്ഷണ വേലിക്കു പുറത്തു ചാടി തൊട്ടടുത്ത മറ്റൊരു മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തിയിരുന്നു.
 

Latest News