ന്യൂദല്‍ഹി- കോവിഡ് മഹാമാരിക്കാലത്തെ ആദ്യ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനമായ ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പു മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ടു മാസമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ തയാറെടുപ്പുകളുമായി മുന്നോട്ടു പോകുകയാണ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യവും 14 ജില്ലകളില്‍ പ്രളയം ബാധിച്ചതും കണക്കിലെടുത്ത്, പൗരന്മാരുടെ ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കി തെരഞ്ഞെടുപ്പു മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുസഫര്‍പൂര്‍ സ്വദേശി അവിനാശ് ഠാക്കൂര്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എല്ലാ സാഹചര്യങ്ങളും തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിഗണിക്കുന്നുണ്ടെന്നും അവര്‍ വേണ്ടതു പോലെ ചെയ്യുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കോവിഡിനേയും നിയന്ത്രിക്കുന്നതിലും പ്രളയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പകരം രാഷ്ട്രീയക്കാരും ഭരണകൂടവും തെരഞ്ഞെടുപ്പിനു തയാറെടുപ്പുകളില്‍ മുഴുകിയിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്. ഹര്‍ജിക്കാന്‍ പറയുന്ന കാരണം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു തടയാനാകില്ല. ഇത്തരം ഹര്‍ജികള്‍ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി. ഒടുവില്‍ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചു.