ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ബിഹാറില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെര്‍ചല്‍ റാലി നടത്തും. ഇതോടൊപ്പം 100 വിവിധ ഓണ്‍ലൈന്‍ പരിപാടികളും തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി സെപ്തംബര്‍ ഒന്നു മുതല്‍ 21 വരെയാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ചുമതലവഹിക്കുന്ന സെക്രട്ടറി അജയ് കപൂര്‍ അറിയിച്ചു. ഓരോ റാലിയിലും രണ്ടു വീതം ദേശീയ നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും. അഞ്ച് സംസ്ഥാന തല നേതാക്കളും 10 ജില്ലാ നേതാക്കളും പങ്കെടുക്കും. ഈ പരിപാടികളിലേക്ക് പരമാവധി ആളെകൂട്ടാനായി മിസ്ഡ് കോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കപൂര്‍ പറഞ്ഞു. രാഹുലിന്റെ വെര്‍ച്വല്‍ റാലിയില്‍ അഞ്ചു ലക്ഷം ആളുകളെ പങ്കെടുപ്പിക്കാനാണു പദ്ധതി. സംസ്ഥാനത്ത് പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താന്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.