ഷംനാ കേസില്‍ പോലീസിന്റെ ഒളിച്ചുകളി: മുഖ്യപ്രതികള്‍ക്ക് ജാമ്യം

കൊച്ചി-സിനിമാലോകത്തെ ഞെട്ടിച്ച, വിവാഹാലോചനയുടെ മറവില്‍ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ് എങ്ങുമെത്തിയില്ല. ഷംനയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടവേ മുഖ്യപ്രതികള്‍ക്ക് ജാമ്യം കിട്ടി. ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജൂണില്‍ തുടങ്ങിയ അന്വേഷണം അറുപത് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാത്തതിനാലാണ് മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. വരനായി അഭിനയിച്ച് ഷംനയുടെ വീട്ടിലെത്തിയ ഒന്നാം പ്രതി റഫീഖ്, ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്ത്,നാലാം പ്രതി അഷറഫ് എന്നിവര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പൊങ്ങിയതോടെയാണ് ഷംനാ കേസില്‍ അന്വേഷണം ദുര്‍ബലമായത്. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്തു നടത്തുന്ന സംഘമാണ് ഷംനാ കേസിനു പിന്നിലെന്ന് വിവരമുണ്ടായിട്ടും അന്വേഷണം ആ വഴിയ്ക്കു കാര്യമായി മുന്നേറിയില്ല. സ്വര്‍ണക്കടത്തു സംഘത്തിന് സിനിമാലോകവുമായുള്ള ബന്ധവും ഇതിനിടെ പുറത്തുവന്നിരുന്നു. മലയാള സിനിമാലോകത്തെ മാഫിയവല്‍ക്കരണം എത്ര ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവും  ഷംന കാസിമിന് നേരെയുണ്ടായ ബ്ലാക്ക്‌മെയിലിംഗ് കേസും. ആക്രമത്തിനിരയായ നടിയെ വഴിയില്‍ തടഞ്ഞു തട്ടിക്കൊണ്ടുപോയെങ്കില്‍ ഷംനയെ വീട്ടിലെത്തി കല്യാണ ആലോചനയുടെ മറവില്‍ കുരുക്കിലാക്കാനായിരുന്നു ശ്രമം. ആക്രമത്തിനിരയായ നടിയെപ്പോലെ ഷംനയും മലയാളത്തിന്റെ മുഖ്യധാരാ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ആളാണ്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെ വിളിച്ചെന്നു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് വിളിച്ചതെന്നും നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍ ആവശ്യപ്പെട്ടെന്നും ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ഷംനയോട് പറഞ്ഞിരുന്നില്ലെന്നാണ് ധര്‍മജന്‍ വ്യക്തമാക്കിയത്.സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. കേസില്‍ ധര്‍മ്മജന്റെ മൊഴിയെടുത്തിരുന്നു.


 

Latest News