ചെന്നൈ- നീറ്റ് ജെഇഇ പരീക്ഷാ വിവാദത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. പരീക്ഷ നടത്തണ്ട എന്ന നിലപാട് ഇത് വരെ കേരളത്തിനില്ല. നേരത്തെ എഞ്ചിനിയീറിംഗ് പരീക്ഷകള്‍ കേരളം നടത്തുകയും ചെയ്തിരുന്നു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങള്‍ നാളെ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. പ്രവേശന പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കോവിഡ് രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളില്‍ തുടരുമ്പോള്‍ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്. അതിനിടയില്‍ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല കോവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാം. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.