Sorry, you need to enable JavaScript to visit this website.

കെരാന്‍, മാച്ചില്‍ ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതിയെത്തിച്ച് കേന്ദ്രം

ന്യൂദല്‍ഹി-74 വര്‍ഷത്തെ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി കശ്മീരില്‍ ഇന്ത്യപാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്കു സമീപത്തുള്ള മേഖലകളില്‍ 24 മണിക്കൂറും വൈദുതി എത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കുപ്വാര ജില്ലയിലെ കെരാന്‍, മാച്ചില്‍ പ്രദേശങ്ങളിലാണ് അതിര്‍ത്തി വികസനത്തിന്റെ ഭാഗമായി വൈദ്യുതി വിതരണം ആരംഭിച്ചത്.സ്വാതന്ത്ര്യദിനത്തിലാണ് കെരാനില്‍ വൈദ്യുതി എത്തിയത്. രണ്ടാംഘട്ടമായി മാച്ചിലിലെ ഗ്രാമങ്ങളില്‍ ബുധനാഴ്ചയും വൈദ്യുതി എത്തി. കൂടുതല്‍ ദുഷ്‌കരമായ മേഖലകളിലേക്കു വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഊര്‍ജവകുപ്പ് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കനാല്‍ പറഞ്ഞു. ഇതുവരെ ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് മാച്ചിലിലെ 20 ഗ്രാമങ്ങളില്‍ വൈകിട്ട് മൂന്നു മണിക്കൂര്‍ മാത്രം വൈദ്യുതി നല്‍കിയിരുന്നത്. ഇനി വൈദ്യുതി ഗ്രിഡുകളില്‍നിന്നാണു 24 മണിക്കൂര്‍ വിതരണം നടത്തുക.
കുപ്‌വാര  ജില്ലാ ആസ്ഥാനത്തുനിന്ന് 65 കിലോമീറ്റര്‍ അകലെയാണ് മാച്ചില്‍. വര്‍ഷത്തില്‍ ആറുമാസവും മറ്റിടങ്ങളില്‍നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ഇവിടം. നിയന്ത്രണരേഖയ്ക്കു സമീപത്തായതിനാല്‍ ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. മിക്കവാറും പാക്ക് ഷെല്ലിങ് ഉണ്ടാകുന്ന മേഖല കൂടിയാണിത്. വൈദ്യുതി എത്തുന്നത് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുമെന്ന് അധികൃതര്‍ പറയുന്നു.
 

Latest News