ഓരോ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുമ്പോൾ അതോടൊപ്പം വിദേശികളുടെ തൊഴിൽ നഷ്ടവും സ്വാഭാവികമാണ്. അങ്ങനെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരാനും സൗദി ഭരണകർത്താക്കൾ ശ്രദ്ധിക്കുന്നുവെന്നതിനു തെളിവാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ വ്യവസ്ഥകളിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വരുത്തിയ മാറ്റങ്ങൾ. അതോടൊപ്പം ഇവിടെ ജിവിച്ചു വളർന്ന് ജോലി എടുക്കാൻ പ്രാപ്തരായവർക്ക് അതിനു അവസരം തുറന്നു കൊടുക്കുന്ന സമീപനവും എടുത്തു പറയേണ്ടതാണ്. ആശ്രിത വിസക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിൽ വരുത്തിയ പരിഷ്‌കരണം ഇതിനു ഏറെ സഹായകമാണ്. ഒക്ടോബർ അവസാനം വരെ ഒരു നിശ്ചിത സമയത്തേക്കാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അത്തരമൊരു സാഹചര്യം ഒരുക്കിയെന്നത് വിദേശികൾക്ക് ആശ്വാസമാണ്. അതിനാൽ ഈ ആനുകൂല്യങ്ങൾക്ക് അർഹരായവർ അതു പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് വേണ്ടത്.
സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇതുവരെ ഇളം പച്ച വിഭാഗത്തിൽപെട്ട സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സാധ്യമാണെന്നതാണ് ഈ രംഗത്തെ പരിഷ്‌കരണത്തിൽ ശ്രദ്ധേയം. ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങളിലേക്കു മാത്രമാണ് ഇതുവരെ സ്‌പോൺസർഷിപ്പ് മാറ്റം അനുവദിച്ചിരുന്നത്. ഇളം പച്ചക്കാർ ഈ ആനുകൂല്യത്തിന് അർഹരാവണമെങ്കിൽ ചില വ്യവസ്ഥകൾ പാലിക്കണമെന്നു മാത്രം. അതിൽ ഒന്ന് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിലൂടെ സ്ഥാപനങ്ങളുടെ സ്ഥാനം ഇളം പച്ചയിൽ നിന്നും താഴേക്ക് പോകാൻ പാടില്ല. അതായത് ഇളവ് പ്രഖ്യാപിച്ച സമയത്തെ അപേക്ഷിച്ച് സൗദി ജീവനക്കാരുടെ എണ്ണം കുറയുന്നതിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റം പാടില്ലെന്നർഥം.
ഇഖാമയുടെ കാലാവധി കഴിഞ്ഞ ശേഷവും തൊഴിലുടമ പുതുക്കി നൽകിയില്ലെങ്കിൽ അത്തരം തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രധാന ഇളവ്. അതായത് സ്‌പോൺസറുടെ അനുമതിയില്ലാത തന്നെ ഇത്തരം തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തങ്ങളുടെ പേരിലേക്ക് മാറ്റാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധിക്കും. തുടർച്ചയായി മൂന്നു മാസത്തെ വേതനം ലഭിക്കാത്ത വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിനും തൊഴിലുടമയുടെ അനുമതി വേണ്ടതില്ലെന്നതും വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി ഘട്ടത്തിലെ ഏറ്റവും വലിയ ആശ്വാസ നടപടിയാണ്. റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസിൽ മാത്രം ഇക്കഴിഞ്ഞ വർഷം 980 വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റു സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റി നൽകിയിട്ടുണ്ട്. സ്‌പോൺസർമാരുടെ അനുമതി കൂടാതെ 12,433 വിദേശികൾക്ക് റിയാദ് ലേബർ ഓഫീസ് കഴിഞ്ഞ വർഷം ഫൈനൽ എക്‌സിറ്റും നൽകയുണ്ടായി.
മറ്റൊന്ന് തൊഴിലാളിയുടെ ഒളിച്ചോട്ടവുമായി (ഹുറൂബ്) ബന്ധപ്പെട്ടു വരുത്തിയ പരിഷ്‌കാരമാണ്. തൊഴിലുടമ വ്യാജമായാണ് തന്നെ ഹുറൂബാക്കിയതെന്ന് തെളിയിക്കാനായാൽ ഹുറൂബ് റദ്ദാക്കാൻ വിദേശ തൊഴിലാളിക്കുള്ള അവകാശമാണത്. ഇത്തരം സാഹചര്യങ്ങളിലും വിദേശ തൊഴിലാളിക്ക് പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‌പോൺസർഷിപ് മാറാം. പഴയ സ്‌പോൺസറുടെ അടുത്തേക്കു തന്നെ പോകേണ്ടതില്ല. വിദേശ തൊഴിലാളിയെ ഹുറൂബാക്കി 20 ദിവസം പിന്നിട്ടാൽ പ്രത്യേക സാഹചര്യത്തിലല്ലാതെ ഹുറൂബ് നീക്കാൻ തൊഴിലുടമക്കും അവകാശമില്ല. വ്യാജമായി ഹുറൂബുണ്ടാക്കുന്ന തൊഴിലുടമക്കു നൽകുന്ന ശിക്ഷ മന്ത്രാലയം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട. വ്യാജ ഹുറൂബ് ആണ് തൊഴിലുടമ ഉണ്ടാക്കിയതെന്ന് ഒരു തൊഴിലാളിക്ക് തെളിയിക്കാനായാൽ ആ സ്ഥാപനത്തിന് വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ ഒരു വർഷത്തേക്ക് ലഭിക്കില്ല.
രണ്ടാമതും ഇതേ നിയമ ലംഘനം ആവർത്തിച്ചാൽ വിലക്ക് മൂന്നു വർഷത്തേക്കും വീണ്ടും നിയമ ലംഘനം ആവർത്തിച്ചാൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ സ്ഥാപനത്തിന് അഞ്ചു വർഷത്തേക്കും വിലക്കും. കഴിഞ്ഞ വർഷം റിയാദ് ലേബർ ഓഫീസിന് ഹുറൂബ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് 16,706 അപേക്ഷകളാണ് ലഭിച്ചത്. ഇതിൻമേലെല്ലാം ഓഫീസ് നടപടി സ്വീകരിക്കുകയും ചെയ്തു. ഫൈനൽ എക്‌സിറ്റ് വിസക്കു വേണ്ടിയുള്ള വർക്ക് പെർമിറ്റിന് തൊഴിലുടമയെ സമീപിക്കാതെ വിദേശ തൊഴിലാളികൾക്ക് നേരിട്ട് ലേബർ ഓഫീസിനെ സമീപിക്കാമെന്നതും തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന നടപടിയാണ്. ഇതിന് വിദേശിയുടെ ഇഖാമയുടെയോ വർക്ക് പെർമിറ്റിന്റെയോ കാലാവധി തീർന്നിരിക്കണമെന്നതു മാത്രമാണ് വ്യവസ്ഥ.
മറ്റൊരു കാതലായ ഇളവ് ആശ്രിത വിസക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിലാണ്. വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പിലുള്ള ആശ്രിതരുടെ സ്‌പോൺസർഷിപ് മാറ്റം ഓൺലൈൻ വഴിയാക്കിയാണ് ഈ മാറ്റം സാധ്യമാക്കിയിട്ടുള്ളത്. ആശ്രിതരുടെ സ്‌പോൺസർഷിപ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതി ഓൺലൈൻ വഴി ലഭ്യമാക്കാം. ഇതിന് സ്വകാര്യ സ്ഥാപനങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. അപേക്ഷ സ്വീകരിക്കപ്പെട്ടാൽ സ്‌പോസർഷിപ്പ് മാറ്റത്തിന് രക്ഷാകർത്താവിന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്ന സ്റ്റാറ്റസ് ആയി ആശ്രിതന്റെ സ്റ്റാറ്റസ് മാറും. തുടർന്ന് നിദേശ തൊഴിലാളി അബ്ശിറുമായി ബന്ധിപ്പിച്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടലിൽ സ്‌പോൺസർഷിപ്പ് മാറ്റത്തിന് സമ്മതം നൽകുകയേ ചെയ്യേണ്ടതുള്ളൂ. ഈ നടപടി പൂർത്തിയായാൽ അപേക്ഷ മാനവശേഷി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ആഭ്യന്തര മന്ത്രാലയ അനുമതി ലഭിച്ചാൽ രണ്ടാഴ്ചക്കകം സ്വകാര്യ സ്ഥാപനം ജവാസാത്ത് ഓഫീസിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. ആശ്രിതന് 18 വയസ്സ് പൂർത്തിയായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. കൂടാതെ സ്‌പോൺസറായ വിദേശ തൊഴിലാളിയുടെയും ആശ്രിതന്റെയും ഇഖാമക്ക് കാലാവധിയും ഉണ്ടായിരിക്കണം. ഇതിനാവശ്യമായ ഫീസ് ആശ്രിതന്റെ ഇഖാമ നമ്പറിൽ ബാങ്ക് വഴി അടയ്ക്കുകയാണ് വേണ്ടത്.
ഇതിൽനിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് തൊഴിലാളികളുടെ അവകാശങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇവിടെ എത്തിപ്പെട്ടിട്ടുള്ളവർക്ക് ഒന്നല്ലെങ്കിൽ മറ്റൊരു അവസരം തുറന്നു കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നുമാണ്. പക്ഷേ ഇത്തരം അവകാശങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ പലരെയും പലവിധ പ്രതിസന്ധികളിലുമെത്തിക്കാറുണ്ട്. അതിനാൽ സംഘടനാ നേതൃത്വങ്ങൾ ഇത്തരം കാര്യങ്ങളിൽ അവബോധമുള്ളവരാവുകയും അതു സാധാരണക്കാരിലേക്ക് പകർന്നു കൊടുക്കുകയും വേണം.