ന്യൂദൽഹി- ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽനിന്ന് കാണാതായ ഗവേഷക വിദ്യാർഥി നജീബിന്റെ ഉമ്മക്ക് ദൽഹി പോലീസിന്റെ മർദ്ദനം. മകനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സി.ബി.ഐ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയും യൂണിവേഴ്‌സിറ്റി വിദ്യാർഥികളും ഹൈക്കോടതിക്ക് മുന്നിൽ നടത്തിയ സമരത്തിനിടെയാണ് സംഭവം. വലിച്ചിഴച്ചാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
വലിച്ചിഴച്ചാണ് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെയും മുപ്പതോളം വരുന്ന വിദ്യാർഥികളെയും ഹൈക്കോടതിക്ക് മുന്നിൽനിന്ന് നീക്കിയത്. നഫീസക്കൊപ്പം മുപ്പതോളം വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. നജീബിനെ കണ്ടെത്തുന്നതിൽ സി.ബി.ഐക്ക് താൽപര്യമില്ലെന്ന് ഇന്ന് ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
നജീബിന്റെ ഉമ്മയടക്കം 35 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി ഡപ്യൂട്ടി പോലീസ് കമ്മീഷൻ ബി.കെ സിംഗ് പറഞ്ഞു. ഇവരെ ബാരകാംബ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും ബി.കെ സിംഗ് പറഞ്ഞു. നജീബിന്റെ ഉമ്മയെ പോലീസ് ദേഹോപദ്രവം ഏൽപ്പിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ഒരാളെ കാണാതായത് ആദ്യത്തെ സംഭവമല്ലെന്ന് പറഞ്ഞാണ് പോലീസ് മർദ്ദനം അഴിച്ചുവിട്ടതെന്ന് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് മോഹിത് കുമാർ പാണ്ഡേ ആരോപിച്ചു. കഴിഞ്ഞവർഷം ഒക്‌ടോബർ പതിനഞ്ചിനാണ് ജെ.എൻ.യുവിലെ എം.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിയായ നജീബി(27)നെ കാണാതായത്. ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ പ്രവർത്തകരും നജീബും തമ്മിൽ വാക് തർക്കമുണ്ടായിരുന്നു. ഇതിന് ശേഷമാണ് നജീബിനെ കാണാതായത്. ഇക്കഴിഞ്ഞ മെയിലാണ് നജീബിന്റെ തിരോധാനത്തെ സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. എന്നാൽ അന്വേഷണത്തിൽ ഒരു പുരോഗതിയുമുണ്ടായില്ല. പേപ്പറിൽ പോലും അന്വേഷണ പുരോഗതിയുണ്ടെന്ന് രേഖപ്പെടുത്താൻ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.