Sorry, you need to enable JavaScript to visit this website.

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം: ഫയലുകൾ ഭാഗികമായി കത്തി-മുഖ്യമന്ത്രി

തിരുവനന്തപുരം- ചൊവ്വാഴ്ച്ച വൈകുന്നേരം സെക്രട്ടറിയേറ്റിലെ പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിൽ ചില ഫയലുകൾ ഭാഗികമായി കത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി മനോജ് ഏബ്രഹാമിൻറെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തീപ്പിടിത്തത്തിൻറെ കാരണം ഉൾപ്പെടെയുള്ള സാങ്കേതിക വശം പരിശോധിക്കാൻ ഡിസാസ്റ്റർമാനേജ്‌മെൻറ് കമ്മീഷണർ എ. കൗശികൻറെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. കെ.എസ്.ഡി.എം.എ. മെമ്പർ സെക്രട്ടറി, ഫയർ ആൻറ് റെസ്‌ക്യൂ ടെക്‌നിക്കൽ ഡയറക്ടർ, പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയർ, വൈദ്യുതിവകുപ്പിലെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ എന്നവർ അടങ്ങുന്നതാണ് ഈ കമ്മിറ്റി.

തീപ്പിടിത്തത്തിൻറെ കാരണം, നഷ്ടം ഏതെല്ലാം ഫയലുകൾ നഷ്ടപ്പെട്ടു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എന്നിവയാണ് ഈ സമിതി പരിശോധിക്കേണ്ടത്. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനും സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. തീപ്പിടിത്തം ചെറുതാണെങ്കിലും സെക്രട്ടറിയേറ്റിലെ സുരക്ഷാസംവിധാനങ്ങൾ പരിശോധിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ ഇന്നലെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News