ന്യൂദൽഹി- ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ബി.ജെ.പി റാലിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്രോളിയത് സാമൂഹിക മാധ്യമങ്ങൾക്ക് നല്ല വിഭവമായി. 'കാലാവസ്ഥാ പ്രവചനം: തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഗുജറാത്തിൽ ഇന്ന് ബഡായികളുടെ പെരുമഴ പ്രതീക്ഷിക്കാം' എന്ന രാഹുലിന്റെ ട്വീറ്റാണ് വൈറലായത്. മോദിയുടെ റാലിയുടെ തൊട്ടു മുമ്പായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ മാറ്റിവച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടിയിലുള്ള പ്രതിഷേധത്തെ സൂചിപ്പിച്ചാണ് രാഹുലിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാൽ വോട്ടർമാരെ പാട്ടിലാക്കാൻ ഇനിയും വാഗ്ദാനങ്ങൾ നൽകാൻ അവസരമുണ്ട്. മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ (ജൂംല) നേരത്തെ തന്നെ ട്രോളർമാരുടെ ഇഷ്ടവിഭവമാണ്. ഈ പ്രയോഗം ഉപയോഗിച്ചാണ് 'ജുംലോം കാ ബാരിഷ്' എന്ന രാഹുലിന്റെ ട്രോൾ.
തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിക്കാതെ മാറ്റി വച്ചതോടെ ഗുജറാത്തിൽ ആനൂകൂല്യങ്ങളുടെ പെരുമഴയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തൊട്ടു ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റികൾ വരെ കോടികളുടെ പദ്ധതികളും ഇളവുകളും പ്രഖ്യാപിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. ഇന്നത്തെ മോഡിയുടെ റാലിയിലും ഇതിന്റെ തുടർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.