Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് മറന്ന് ഒറ്റക്കെട്ട്‌


പാലക്കാട്- ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എമ്മുമായി കോൺഗ്രസ് നേതൃത്വം ഒത്തുതീർപ്പുണ്ടാക്കിയെന്ന വി.ടി.ബൽറാം എം.എൽ.എയുടെ വിമർശനത്തിനെതിരെ ഗ്രൂപ്പിനതീതമായി കോൺഗ്രസ് നേതാക്കൾ സംഘടിക്കുന്നു, എം.എൽ.എക്കെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാൻ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണ. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ തൃത്താല നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ നടപടിയാവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് ജില്ലയിലെ വിവിധ കോൺഗ്രസ് കമ്മിറ്റികളുടേയും പോഷകസംഘടനാ കമ്മിറ്റികളുടേയും പേരിൽ പരാതി നൽകാൻ നേതാക്കൾ തമ്മിൽ പൊതുധാരണയിലെത്തിയിട്ടുണ്ട്. ബൽറാമിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടാൻ അദ്ദേഹത്തിന്റെ മണ്ഡലമായ തൃത്താലയിലെ യൂത്ത് കോൺഗ്രസിന്റെ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്ന് എം.എൽ.എയോട് രേഖാമൂലം ആവശ്യപ്പെടാനും തീരുമാനം ആയിട്ടുണ്ട്. പോസ്റ്റ് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹത്തിന്റെ പരിപാടികൾ ബഹിഷ്‌കരിക്കാനാണ് തൃത്താല യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. സമാനമായ നിലപാടുകൾ ജില്ലയിലെ മറ്റ് കോൺഗ്രസ് കമ്മിറ്റികളുടേയും പോഷകസംഘടനാ കമ്മിറ്റികളുടേയും ഭാഗത്തു നിന്ന് വരും ദിവസങ്ങളിൽ ഉണ്ടാകും.
സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുതിർന്ന യു.ഡി.എഫ് നേതാക്കൾ വരെ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ബൽറാം എം.എൽ.എ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ കേസിൽ സി.പി.എമ്മുമായി നടത്തിയ ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ ഫലമാണ് പിണറായി വിജയൻ പുറത്തുവിട്ട രേഖകളെന്ന കോൺഗ്രസ് എം.എൽ.എയുടെ വിമർശനം  എൽ.ഡി.എഫിനേക്കാളധികം വെട്ടിലാക്കിയത് യു.ഡി.എഫിനെയാണ്. ബൽറാമിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്താൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ വരെ നിർബ്ബന്ധിതരായി. സി.പി.എം വിഷയത്തിൽ മൗനം പാലിക്കുമ്പോൾ വിമർശനം ഏറ്റെടുത്തത് ബി.ജെ.പി നേതാക്കളാണെന്നത് ശ്രദ്ധേയമാണ്. ടി.പി. കേസിൽ നടന്ന ഒത്തുതീർപ്പു രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ആർ.എം.പിയും ഉന്നയിച്ചിട്ടുണ്ട്.
ഗ്രൂപ്പുകൾക്ക് പൊതുവെ അനഭിമതനായ തൃത്താല എം.എൽ.എക്കെതിരേ ഒരുമിക്കാനുള്ള അവസരമാണിപ്പോൾ എ-ഐ വിഭാഗങ്ങൾക്ക് വീണുകിട്ടിയിരിക്കുന്നത്. ബി.ജെ.പിക്ക് സഹായകമാവുന്ന രീതിയിലാണ് ബൽറാം രംഗത്തെത്തിയതെന്ന ആരോപണം പാർട്ടിക്കകത്ത് ഉയർന്നു കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾക്ക് ബൽറാം തയ്യാറായിട്ടില്ല. പ്രതികരണമാവശ്യപ്പെട്ട് എത്തിയ വാർത്താ മാധ്യമ പ്രവർത്തകരോട് തനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്നു മാത്രമാണ് അദ്ദേഹം ആവർത്തിക്കുന്നത്. അതേസമയം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനുമായി അടുപ്പമുള്ള ചില നേതാക്കൾ പിന്തുണയറിയിച്ച് ബൽറാമിനെ ഫോണിൽ വിളിച്ചിരുന്നു. പ്രധാന ഗ്രൂപ്പുകളുടെ കണ്ണിലെ കരടായിട്ടും ബൽറാം കോൺഗ്രസിൽ പിടിച്ചു നിൽക്കുന്നത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ പിന്തുണയോടെയാണ്. തൃശൂർ കേരളവർമ്മ കോളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തിൽ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തരെ പിന്തുണച്ച് ബൽറാം രംഗത്തെത്തിയത് കോൺഗ്രസിനകത്ത് വിമർശനം ക്ഷണിച്ചു വരുത്തിയതാണ്. പാർട്ടിയെ പതിവായി പ്രതിരോധത്തിലാക്കുന്ന എം.എൽ.എയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ സമീപിക്കാൻ എ - ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു കഴിഞ്ഞു. അതിന്റെ പടയൊരുക്കമാണിപ്പോൾ ജില്ലയിൽ കാണുന്നത്.
 

Latest News